‘കുന്നംകുളത്തെ പ്രിയപ്പെട്ട പൊലീസുദ്യോഗസ്ഥരെ, നിങ്ങളോട് നന്ദി പറയുന്നു. ഞാനിപ്പോള്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. നന്ദി.’ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുദ്യോഗസ്ഥന് അയച്ചുകിട്ടിയ ഹൃദയസ്പര്‍ശിയായ കുറിപ്പാണിത്.
എന്താണ് സംഭവം എന്നല്ലേ?
കഴിഞ്ഞദിവസം പെരിന്തല്‍മണ്ണയില്‍ നിന്നും തൃശ്ശൂരിലേക്കു പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് കുന്നംകുളം ഭാഗത്ത് എത്തിയപ്പോള്‍ ബസ്സിലെ ഒരു യാത്രക്കാരി സുഖമില്ലാതെ വളരെ അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി. ഡ്രൈവര്‍ ഉടന്‍ തന്നെ കുന്നംകുളം പൊലീസ് സ്റ്റേഷനുമുന്‍വശം, റോഡില്‍ ബസ് നിറുത്തുകയും ആ സമയം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ഡി. വിനീത യാത്രക്കാരിയെ ബസ്സില്‍ നിന്നും ഇറക്കി, പൊലീസ് വാഹനത്തില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം യാത്രക്കാരിയെ വിദഗ്ദ ചികിത്സക്കായി പൊലീസ് വാഹനത്തില്‍ തന്നെ തൃശ്ശൂരിലെ മറ്റൊരു ആശുപത്രിയിലെത്തിക്കുകയും യഥാസമയം തന്നെ മികച്ച ചികിത്സ ലഭ്യമാക്കാനും കഴിഞ്ഞു. കുറച്ചു സമയത്തിനകം ബോധം വീണ്ടെടുത്ത യാത്രക്കാരിയില്‍ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങി വിവരം വീട്ടുകാരെ അറിയിക്കുകയും ബന്ധുജനങ്ങള്‍ എത്തിയ ശേഷം അവരെ ഏല്‍പ്പിച്ച ശേഷമാണ് പൊലീസുദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് മടങ്ങിയത്.
പിറ്റേദിവസം യാത്രക്കാരി സ്റ്റേഷനിലേക്ക് നന്ദിയറിയിച്ച് കുറിപ്പ് അയച്ചു. സോഷ്യല്‍ മീഡിയയിലും യാത്രക്കാരി തന്റെ സന്ദേശം പങ്കുവെച്ചു. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഡി. വിനീത, എസ്. സന്ദീപ്, ബി. ബിനീഷ് എന്നിവരാണ് തങ്ങളുടെ കര്‍ത്തവ്യം സമര്‍പ്പണമനോഭാവത്തോടെ കൃത്യമായി നിര്‍വ്വഹിച്ചത്.