തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും

തലസ്ഥാനത്ത് കോളറ ബാധിച്ച് ഒരു മരണം. കവടിയാർ സ്വദേശിയായ 63കാരനാണ്
മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏഴ് ദിവസം മുമ്പായിരുന്നു മരണം. രക്ത പരിശോധനയിലൂടെ ഇന്നാണ് കോളറ സ്ഥിരീകരിച്ചത്. മരണ കാരണം കോളറയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രദേശത്തെ വെള്ലത്തിൻ്റെ സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ല തീരുമാനം ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. നിലവിൽ മറ്റാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് കോളറ മരണം റിപ്പോർട്ട് ചെയ്യുന്നത്.

മലിനജലത്തിലൂടെ പകരുന്ന ജലജന്യ രോഗമാണ് കോളറ. വിബ്രിയോ കോളറെ ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടിൽ നിന്നും നമ്മൾ ഉപയോഗിക്കുന്ന വെള്ലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗാണുക്കൾ ശരീരത്തിലെത്തുന്നത്. ശരീരത്തിലെത്തുന്ന ഇവ വയറിളക്കത്തിന് കാരണമാകുന്ന ‘കോളറാ ടോക്സിൻ’ എന്ന വിഷവസ്തു ഉത്പാദിപ്പിക്കുന്നു.

Read more

ശക്തിയായ വയറിളക്കം, ഛർദി, പനി, നിർജലീകരണം, മലത്തിൽ രക്തത്തിൻ്റെ അംശം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. കോളറയെ പ്രതിരോധിക്കാനായി വ്യക്തിശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. തിളപ്പിച്ചാറിയ വെളും മാത്രം കുടിക്കുക. കോളറ ബാധിത പ്രദേശങ്ങളിൽ കിണറുകളിൽ സാധാരണ ക്ലോറിനേഷന് പുറമെ സൂപ്പർ ക്ലോറിനേഷൻ നടത്തണം. പച്ചക്കറികളും ഫലങ്ങളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. ടോയ്ലറ്റിൽ പോയശേഷം കൈകൾ വൃത്തിയായി കഴുകുക. ഈച്ചകളിൽ നിന്നും രോഗം പകരുന്നതിനാൽ ഈച്ചകൾ പെരുകാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗി മരണപ്പെടാൻ പോലും സാദ്ധ്യതയുണ്ട്.