തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡോക്ടര്‍മാര്‍. ശസ്ത്രക്രിയയെ തുടര്‍ന്നുള്ള സങ്കീര്‍ണതയാണ് മരണത്തിന് കാരണം. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
രോഗിയെ വീട്ടില്‍ നിന്നും മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. നില അതീവ ഗുരുതരമായിരുന്നു. അയാളെ ശസ്ത്രക്രിയക്ക് സജ്ജമാക്കുന്നതിനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളൂവെന്നും എട്ട് മണിയോടെ ശസ്ത്രക്രിയ തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കാരക്കോണം സ്വദേശി സുരേഷാണ് മരിച്ചത്.
അതേസമയം സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടു. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകിയെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് അന്വേഷണം. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അന്വേഷിക്കുക. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. മന്ത്രി ഉന്നതതലയോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
Read more
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്നും പ്രത്യേക സംവിധാനങ്ങളോടെയാണ് അവയവം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശം അനുസരിച്ച് പ്രാഥമിക അന്വഷണത്തിനും ഉത്തരവിട്ടു. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് ശസ്ത്രക്രിയക്കായി തിരുവനന്തപുരത്ത് എത്തിച്ചത്.