വാളയാർ പെൺകുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടു കേസുകളിലെ (398, 401) പ്രതി പ്രദീപ് കുമാറിന്റെ മരണം ദുരൂഹമാണെന്ന് വാളയാർ നീതി സമര സമിതി. പെൺകുട്ടികളുടെ മാതാപിതാക്കൾക്കൊപ്പം കേരളത്തിലെ പൊതുസമൂഹം നടത്തുന്ന ഇടപെടലുകളുടെ ഫലമായി പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും കേസ് പുനരന്വേഷിക്കാനും സർക്കാർ നിർബന്ധിതമായ സാഹചര്യത്തിലാണ് പ്രദീപ് കുമാറിന്റെ മരണം എന്നത് ഏറെ ഗുരുതരമാണെന്ന് സമര സമിതി പത്രക്കുറിപ്പിൽ പറഞ്ഞു.
രണ്ടു കുട്ടികളുടെ കൊലപാതകത്തിലും പ്രദീപ്കുമാർ പ്രതിയായിരുന്നു. കേസിൽ വിചാരണ ചെയ്യപ്പെട്ട അഞ്ചു പ്രതികൾക്കു പുറമെ ഒരു ആറാമൻ ഉണ്ടെന്ന സംശയം ബലപ്പെടുമ്പോൾ അയാളുമായി അടുത്ത ബന്ധം ഉണ്ടെന്നു സംശയിക്കപ്പെടുന്ന പ്രതിയാണ് പ്രദീപ്കുമാർ. അതുകൊണ്ടു തന്നെ വാളയാർ കേസിന്റെ പുനരന്വേഷണ സാദ്ധ്യതകൾ ഇല്ലാതാക്കാനും ആറാം പ്രതിയെ രക്ഷിക്കാനുംഉള്ള ശ്രമങ്ങൾ ഇതിന്റെ പിന്നിൽ ഉണ്ടെന്ന് ന്യായമായും സംശയിക്കുന്നതായി സമര സമിതി പറഞ്ഞു.
വാളയാർ കേസിലെന്ന പോലെ വെറും സാമ്പത്തിക പ്രശ്നങ്ങൾ മൂലമുള്ള ആത്മഹത്യ എന്ന രീതിയിൽ മുന്നോട്ടു പോകരുതെന്നും ബന്ധപ്പെട്ട മുഴുവൻ സാഹചര്യങ്ങളും പരിശോധിക്കണമെന്നും വാളയാർ നീതി സമര സമിതി ആവശ്യപ്പെട്ടു.
വാളയാർ കേസിലെ പ്രതി പ്രദീപ് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.