കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിനെ കൊലപ്പെടുത്തിയത് ആൺസുഹൃത്ത്. ഫോണിന്റെ ചാർജർ കേബിൾ കൊണ്ട് കഴുത്തു ഞെരിച്ചാണ് ഹിമാനി നർവാളിനെ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ഹിമാനിയുടെ ആഭരണങ്ങളും പ്രതി സച്ചിൻ കവർന്നുവെന്ന് പൊലീസ് അറിയിച്ചു.
അതേസമയം പ്രതി സച്ചിൻ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഒന്നര വർഷമായി ഹിമാനി നർവാളും സച്ചിനും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് 23 കാരിയായ ഹിമാനി നർവാളിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.
വെള്ളിയാഴ്‌ച റോഹ്‌തക് ജില്ലയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപത്തായി ഒരു നീല സ്യൂട്ട്കേസിലാണ് മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിലെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നർവാൾ കോൺഗ്രസ് റാലികളിലും സാമൂഹിക പരിപാടികളിലെയും നിറസാന്നിധ്യമായിരുന്നു. ഹിമാനി നർവാളിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.