ലെനിൻ രാജന്ദ്രന്റെ സഹ സംവിധായികയായിരുന്നു നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് സ്ഥിരീകരിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചു. മയോ കാർഡിയൽ ഇൻഫ്രാക്ഷനാണ് മരണ കാരണമെന്നാണ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിലുള്ളത്.
ഹൃദയത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തിൽ രക്തം കട്ട പിടിച്ച് രക്ത പ്രവാഹം നിൽക്കുകയും തുടർന്ന് ഹൃദയ പേശികൾ നിലക്കുകയും ചെയ്യുന്ന അവസ്ഥയാണ് മയോ കാർഡിയൽ ഇൻഫ്രാക്ഷൻ. മയോകാര്‍ഡിയല്‍ ഇന്‍ഫാർക്‌ഷനാണ് മരണകാരണമെങ്കിലും അതിലേക്കു നയിച്ചത് എന്താണെന്നു വ്യക്തമല്ലെന്നുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി രൂപീകരിച്ച വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് സംഘമാണു കൊലപാതക സാധ്യത പൂര്‍ണമായി തള്ളിയത്.
2019 ഫെബ്രുവരി 24 നാണ് ഇരുപത്തിയെട്ട് വയസ്സുള്ള നയന സൂര്യയെ തിരുവനന്തപുരത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്, സ്വാഭാവിക മരണമാണ് എന്നായിരുന്നു പ്രാഥമിക അന്വേഷണത്തിൽ പൊലീസ് പറഞ്ഞത്, എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മുറിവുകളും ക്ഷതങ്ങളുമുണ്ടെന്ന് റിപ്പോർട്ട് വന്നതിനെ തുടർന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും, തുടർന്ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
മത്സ്യബന്ധന തൊഴിലാളികളായ ദിനേശൻ- ഷീല ദമ്പതികളുടെ മകളാണ് നയന സൂര്യ. പത്ത് വർഷത്തോളം ലെനിൻ രാജേന്ദ്രന്റെ സഹ സംവിധായികയായി പ്രവർത്തിച്ചു. ലെനിൻ രാജേന്ദ്രൻ മരിച്ച്, ഒരു മാസം കഴിഞ്ഞായിരുന്നു നയനയുടെയും മരണം. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയിൽ ‘പക്ഷികളുടെ മണം’ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി പരസ്യ ചിത്രങ്ങളുടെയും സംവിധാനം നിർവഹിച്ചിട്ടുണ്ട്.