മോഡലുകളുടെ മരണം; സൈജുവിന് എതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി പൊലീസ്, ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചിയില്‍ മോഡലുകള്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ സൈജു തങ്കച്ചനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി പൊലീസ്. സൈജു ഡിജെ പാര്‍ട്ടികളില്‍ എംഡിഎംഎ ഉള്‍പ്പടെയുള്ള ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നു എന്നാണ് പൊലീസിന്റെ പുതിയ കണ്ടെത്തല്‍. മാരാരിക്കുളത്ത് നടന്ന പാര്‍ട്ടിയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റാഗ്രാം ചാറ്റുകളും പൊലീസിന് ലഭിച്ചു.

മരിക്കുന്നതിന് മുമ്പ് മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളും സൈജുവിന്റെ ഫോണില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ഥിരമായി ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ടെന്നും ലഹരിമരുന്ന് ഇടപാടുകള്‍ നടത്താറുണ്ടായിരുന്നു എന്നും സൈജു മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ വരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സൈജുവിന്റെ മൊഴിയില്‍ പറയുന്നുണ്ട്.

ഇതേ ഉദ്ദേശത്തോടെയാണ് മരിച്ച മോഡലുകളെയും സൈജു സമീപിച്ചത്. പാര്‍ട്ടി കഴിഞ്ഞ് ഹോട്ടലില്‍ നിന്നിറങ്ങിയ മോഡലുകളെ സൈജു ഓഡി കാറില്‍ പിന്തുടരുകയായിരുന്നു. ദുരുദ്ദേശത്തോടെയാണ് സൈജു ഇവരെ പിന്തുടര്‍ന്നത് എന്ന് വ്യക്തമാക്കുന്ന വാട്സാപ്പ് സന്ദേശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

സൈജുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളുടെ ജാമ്യാപേക്ഷ എറണാകുളം ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. മോഡലുകളുടെ വാഹനത്തെ ദുരുദ്ദേശത്തോടെ പിന്തുടര്‍ന്നതിനാണ് സൈജുവിനെതിരെ കേസ് എടുത്തിരിക്കുന്നത്. സൈജു പിന്തുടര്‍ന്നില്ലായിരുന്നെങ്കില്‍ അപകടം സംഭവിക്കില്ലായിരുന്നു എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇയാളുടെ ലഹരിമരുന്ന് ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു.

സൈജുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പതിനെട്ടര ലക്ഷം രൂപയുടെ തട്ടിപ്പുകേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിലും ഉടനെ അറസ്റ്റ് രേഖപ്പെടുത്തും.