ആലപ്പുഴയിൽ നവജാത ശിശുവിന്റെ കുഴിച്ച് മൂടിയ സംഭവത്തിൽ കൊലപാതക സാധ്യത തള്ളാതെ പൊലീസ്. യുവതിയെ ചികിത്സിച്ച ഡോക്ടറുടെ നിർണായക മൊഴി പുറത്ത് വന്നതോടെയാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണോ എന്ന സംശയം വർധിക്കുന്നത്. കുഞ്ഞ് ജനിക്കുമ്പോൾ കരഞ്ഞിരുന്നുവെന്ന് യുവതി പറഞ്ഞിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.
കുഞ്ഞിനെ ആൺസുഹൃത്തിന് കൈമാറിയത് ജനിച്ച് 24 മണിക്കൂറിന് ശേഷമാണെന്നും മൊഴിയുണ്ട്. അതേസമയം താൻ ഗർഭിണിയെന്ന് ആൺസുഹൃത്ത് അറിഞ്ഞത് പ്രസവശേഷം മാത്രമാണെന്നാണ് യുവതിയുടെ മൊഴി. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് അപേക്ഷ നൽകും. അതേസമയം കുഞ്ഞിനെ യുവതി കൊലപ്പെടുത്തിയതാണോ എന്നതിൽ സ്ഥിരീകരണം വന്നിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇതിൽ സ്ഥിരീകരണം ഉണ്ടാകു.
അതേസമയം സംഭവത്തിൽ അമ്മയും ആൺസുഹൃത്തും റിമാൻഡിലായിരുന്നു. കസ്റ്റഡിയിലുണ്ടായിരുന്ന മൂന്ന് പേരിൽ കുഞ്ഞിന്റെ അമ്മയെയും ആൺസുഹൃത്ത് തോമസ് ജോസഫിനെയുമാണ് റിമാൻഡ് ചെയ്‌തത്. തോമസാണ് കുഞ്ഞിനെ മറവ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കുഴിച്ച് മൂടിയ കുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. വണ്ടേപുറം പാട ശേഖരത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയായ യുവതി ആഗസ്റ്റ് 6 നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 7 നാണ് കുട്ടിയെ കുഴിച്ചു മൂടുന്നത്. പ്രസവം നടന്നത് പുലർച്ചെ 1.30 ന് എന്നാണ് യുവതിയുടെ മൊഴി. പെൺകുഞ്ഞിനെയാണ് പ്രസവിച്ചത്. പ്രസവ ശേഷം കാമുകനെ പൂച്ചാക്കലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി എന്ന് യുവതി പറഞ്ഞു. യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷമാണെന്നാണ് യുവാവിൻ്റെ മൊഴി. ഫൊറൻസിക് സയൻസ് കോഴ്സ് കഴിഞ്ഞയാളാണ് യുവതി. രാജസ്ഥാനിൽ പഠിക്കുമ്പോഴാണ് യുവാവുമായി യുവതി അടുക്കുന്നത്.
ഈ മാസം എട്ടാം തീയതിയാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഏഴാം തീയതിയാണ് ഇവർ കുഞ്ഞിന് ജന്മം നൽകുന്നത്. പിന്നീടാണ് ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികൾ നൽകി. യുവതി പറഞ്ഞതിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി മൊഴിയെടുത്തപ്പൊഴും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്.