തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോഗ്യവകുപ്പിനെ സിപിഎം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. വീഴ്ചയെ കുറിച്ച് ആരോഗ്യ മന്ത്രി അറിയണമെന്നില്ല. മറ്റൊരു സംഘമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. ആരോഗ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കാലങ്ങള്‍ കൊണ്ട് ആരോഗ്യമേഖലയില്‍ കേരളം നേടിയെടുത്ത നേട്ടങ്ങളെല്ലാം ഈ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നെഫ്രോളജി – യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ശസ്ത്രക്രിയ നടത്തുന്ന വിവരം ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും സെക്യുരിറ്റി അലര്‍ട്ട് നല്‍കിയില്ല. ലിഫ്റ്റിനായുള്ള കാത്തിരിപ്പും ഓപ്പറേഷന്‍ തിയേറ്ററിന് മുന്നിലെ കാത്ത് നില്‍പ്പും കാരണം വിലയേറിയ പത്ത് മിനിട്ട് നഷ്ടപ്പെട്ടു. കുറ്റകരമായ ഉദാസീനത മൂലം ഒരു ജീവനാണ് നഷ്ടപ്പെട്ടതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
Read more
കാരക്കോണം സ്വദേശി സുരേഷാണ് മരിച്ചത്. സംഭവത്തില്‍ വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അന്വേഷിക്കുക. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. മനുഷ്യാവകാശ കമ്മീഷനും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.