വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ 93 പേര്‍ മരിച്ചതായി സ്ഥിരീകരണം. മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ 93 പേരുടെ ജീവന്‍ നഷ്ടമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായും 18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
27 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ഇതുവരെ 128 പേര്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വ്യോമസേനയുടെ ഹെലികോപ്ടര്‍ ചൂരല്‍ മലയില്‍ ലാന്റ് ചെയ്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടന്ന 50 പേരെ കൂടി രക്ഷപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ മാത്രമായി ഇതുവരെ 45 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി സ്ഥലത്ത് അഞ്ച് മന്ത്രിമാര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം തുടരാന്‍ സാധ്യതയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവിധ റിസോര്‍ട്ടുകളിലും മറ്റിടങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുകയാണ് രക്ഷാദൗത്യത്തിന് മുന്നിലുള്ള അടുത്ത വെല്ലുവിളി.
Read more
98 പേരെ ഇതുവരെ കാണാതായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം സൈന്യം നിര്‍മ്മിക്കുന്ന താത്കാലിക പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്.