സംസ്ഥാനത്ത് വരുമാനത്തേക്കാൾ വേഗത്തിൽ കടം വളരുന്നുവെന്ന് ധനവ്യയ അവലോകന കമ്മിറ്റിയുടെ റിപ്പോർട്ട്. പത്ത് വർഷത്തിൽ കേരളത്തിലെ കടത്തിന്റെ വളർച്ചനിരക്ക് ആഭ്യന്തര വരുമാന വളർച്ചനിരക്കിനെക്കാൾ കൂടുതലാലായെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ജിഎസ്ടി സംവിധാനത്തിലെ പോരായ്മകൾ മൂലം അന്തർ സംസ്ഥാന വ്യാപാരത്തിലെ നികുതിയിനത്തിൽ കേരളത്തിന് വൻനഷ്‌ടമുണ്ടായെന്നും റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു.
പ്രൊഫ. ഡി നാരായണൻ അധ്യക്ഷനായ സമിതിയാണ് ഇക്കഴിഞ്ഞ ജൂണിൽ റിപ്പോർട്ട് നൽകിയത്. ജിഎസ്ടി നടപ്പിലാക്കിയ 2017 ജൂലൈ ഒന്ന് മുതൽ 2020-21 വരെ 20,000 കോടിമുതൽ 25,000 കോടിവരെ നഷ്ടമായെന്ന് റിപ്പോർട്ടിൽ പറയുന്നു. 2022 ജൂൺവരെ കേന്ദ്രത്തിൽനിന്ന് നഷ്ടപരിഹാരം കിട്ടിയിരുന്നു. നഷ്ടപരിഹാരം നിലച്ചതോടെ ഇതുവഴിയുള്ള നഷ്‌ടം കൂടുമെന്നാണ് കമ്മിറ്റി ചൂണ്ടികാട്ടുന്നത്.
ഇങ്ങനെ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ കേരളം ഉൾപ്പെടുന്ന ഉപഭോക്ത്യ സംസ്ഥാനങ്ങളുടെ ജിഎസ്ടി കൗൺസിലിൽ കൂട്ടായ ശ്രമം വേണമെന്നും കമ്മിറ്റി നിർദേശിക്കുന്നു. ജിഎസ്ടി സമ്പ്രദായം ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടുമെന്ന നിഗമനത്തിലാണ് കേരളം സ്വാഗതം ചെയ്‌തത്. എന്നാൽ, ഇപ്പോഴും ജിഎസ്ടി സമ്പ്രദായം കൊണ്ട് ഉത്പാദക സംസ്ഥാനങ്ങൾക്കാണ് പ്രയോജനം കിട്ടുന്നതെന്ന് സമിതി വിലയിരുത്തി.
ഐജിഎസ്ടി സംബന്ധിച്ച ഡേറ്റ സംസ്ഥാനങ്ങൾക്ക് കിട്ടാത്തതാണ് പ്രശ്നം നേരിടാൻ തടസ്സമാകുന്നതെന്നാണ് വിലയിരുത്തുന്നത്. നേരത്തെ ഈ വിഷയം പഠിക്കാൻ കേരളം കമ്മിറ്റി രൂപവത്കരിച്ചിരുന്നു. അന്തർ സംസ്ഥാന വ്യാപാരം സംബന്ധിച്ച വിവരങ്ങൾ കേരളം ജിഎസ്ടി കൗൺസിലിൽ ആവശ്യപ്പെട്ടിരുന്നു. വിവരങ്ങൾ കൈമാറാമെന്ന് കഴിഞ്ഞ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചതായി ധനവകുപ്പ് അറിയിച്ചു.