സംസ്ഥാനത്തിന്റെ മൊത്തം കടം ഇരട്ടിയിലേറെ വര്‍ദ്ധിച്ചെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. കടം 3,32,291 കോടിയായി ഉയര്‍ന്നെന്നാണ് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ധവള പത്രം ഇറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ധനമന്ത്രി കെ എന്‍ ബാലഗോപാലിന് വേണ്ടി സഭയില്‍ ഹാജരായ മന്ത്രി കെ രാധാകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2010-2011 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കടം ഇരട്ടിയിലേറെയായി. കോവിഡ് പ്രതിസന്ധിയാണ് കടം ഇത്രയും വര്‍ദ്ധിക്കാന്‍ കാരണമായത്. ബാധ്യതകള്‍ തുടര്‍ന്നുള്ള മുന്നോട്ടു പോക്കിന് തടസ്സമാകില്ലെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര ഉത്പാദനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
നികുതി പിരിവ് ഊര്‍ജിതമാക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ ഇപ്പോള്‍ കടം കുറഞ്ഞുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടി മന്ത്രി വിശദീകരിച്ചു. അതേസമയം
കേരളത്തിന്റെ അവസ്ഥ ശ്രീലങ്കയ്ക്ക് സമാനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. ശ്രീലങ്കയുമായി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ താരതമ്യ ചെയ്യരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. നികുതി, വൈദ്യുതി, ബസ്, വെള്ളം ചാര്‍ജുകള്‍ കൂട്ടിയതും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു.
Read more
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ഇന്ന് സഭയില്‍ ചര്‍ച്ച ചെയ്യും. ഷാഫി പറമ്പില്‍ എംഎല്‍എ ആണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയാണ് ചര്‍ച്ച. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ അടിയന്തര പ്രമേയമാണിത്. നേരത്തെ സില്‍വര്‍ലൈന്‍ വിഷയത്തിലാണ് ചര്‍ച്ച നടത്തിയത്.