പി കെ ശശിയുടെ അംഗത്വം പുതുക്കാൻ തീരുമാനം; ഇനിമുതൽ സിപിഐഎം നായാടിപ്പാറ ബ്രാഞ്ച് കമ്മിറ്റിയിൽ പ്രവര്‍ത്തിക്കും

ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തല്‍ നടപടി നേരിട്ട സിപിഐഎം നേതാവ് പി കെ ശശിയുടെ അംഗത്വം പുതുക്കാൻ തീരുമാനം. മണ്ണാര്‍ക്കാട് സിപിഐഎം ഏരിയാ കമ്മിറ്റിയുടേതാണ് തീരുമാനം. പി കെ ശശി ഇനിമുതൽ മണ്ണാര്‍ക്കാട് നായാടിപ്പാറ പാര്‍ട്ടി ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കും.

നേരത്തെ അച്ചടക്ക നടപടിയെടുത്ത് ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തിയിരുന്നെങ്കിലും ബ്രാഞ്ച് ഏതാണെന്ന് തീരുമാനിച്ചിരുന്നില്ല. ഇക്കാര്യത്തിലാണ് ഇപ്പോള്‍ ഏരിയാ കമ്മിറ്റി തീരുമാനം എടുത്തിരിക്കുന്നത്. ഇനി പാര്‍ട്ടി മേല്‍ക്കമ്മിറ്റികളിലേക്കെത്താന്‍ ബ്രാഞ്ച് തലം മുതല്‍ ശശിക്ക് വീണ്ടും പ്രവര്‍ത്തിക്കണം.

അതേസമയം പി കെ ശശിക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചിരുന്നെങ്കിലും കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നില്ല. പി കെ ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐഎം ജില്ലാ സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാൽ ഗുരുതരമായ പിഴവുകള്‍ ശശിയുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടും ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാത്തത് ശരിയല്ലെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.