പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ ഡിഎംകെ; ബിജെപിയുടെ വിജയ സാധ്യത ഒഴിവാക്കാനെന്ന് വിശദീകരണം, യുഡിഎഫിനെ പിന്തുണക്കും

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നിന്ന് ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനം. ബിജെപിയുടെ വിജയ സാധ്യത ഒഴിവാക്കാനാണെന്നാണ് വിശദീകരണം. അതേസമയം പാലക്കാട് യുഡിഎഫിനെ പിന്തുണക്കാനാണ് ഡിഎംകെയുടെ പദ്ധതി. പാർട്ടിയുടെ കൺവെൻഷൻ ബുധനാഴ്ച പാലക്കാട് വെച്ച് നടക്കാനിരിക്കെയാണ് നിർണായക തീരുമാനം.

പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥി എംഎം മിൻഹാജിനെ ഔദ്യോഗികമായി പിൻവലിക്കാനാണ് നീക്കം നടക്കുന്നത്. യുഡിഎഫിനെ പിന്തുണയ്ക്കാൻ ഡിഎംകെയിൽ തീരുമാനമായി. ഇതിനായി യുഡിഎഫ് നേതാക്കളുമായും പിവി അൻവർ ചർച്ച നടത്തിയതായാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം കൺവെൻഷന് ശേഷം പി വി അൻവർ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.

അതേസമയം യുഡിഎഫ് നേതാക്കൾ തന്നെ സമീപിച്ചതായി പി വി അൻവർ പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ പൊതുവായി ഇൻഡ്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി നിൽക്കണമെന്നാണ് തന്റെ ഇപ്പോഴത്തെയും ആവശ്യമെന്നും പി വി അൻവർ പറഞ്ഞു. വിട്ടുവീഴ്ചകൾ ചെയ്യണമെന്നുപറഞ്ഞ് ആളുകൾ തന്നെയും തന്റെ അനുയായികളെയും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ത്യാഗിയാകുമോ എന്നത് ഉടൻ തീരുമാനിക്കുമെന്നും പിൻവലിക്കേണ്ട എന്നാണ് തന്റെ മനസിലുള്ളതെന്നും പി വി അൻവർ പറഞ്ഞു. എന്നാൽ പാലക്കാടും ചേലക്കരയിലും നിർണായകമായ തീരുമാനങ്ങൾ എടുത്തേ മുന്നോട്ടുപോകാനാകൂ എന്നും പി വി അൻവർ കൂട്ടിച്ചേർത്തു.

Read more