അമേരിക്കൻ കമ്പനിക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി കൊടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഈ മാസം 27 ന് ഈ മാസം 27-ന് തീരദേശ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് മത്സ്യ മേഖല സംരക്ഷണ സമിതി. മത്സ്യമേഖലയിലെ സംഘടനകളുടെ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എം.പിമാരായ ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, മത്സ്യമേഖലാ സംരക്ഷണ സമിതി കൺവീനർ ചാൾസ് ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
സി.പി.എം അനുകൂല സംഘടന ഒഴിച്ച് മത്സ്യമേഖലയിലെ മുഴുവൻ സംഘടനകളും യോഗത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദ് ചെയ്യണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ആഗോള കുത്തകകൾക്ക് മത്സ്യസമ്പത്ത് അടിയറവ് വെക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. അതേസമയം, ആരോപണം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിഷേധിച്ചിട്ടുണ്ട്. എവിടെയെങ്കിലും ആരെങ്കിലും ഒപ്പിട്ടതുകൊണ്ട് ആഴക്കടല്‍ ട്രോളര്‍ ഇറക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.