തനിക്കെതിരെ ഏകപക്ഷീയമായി വേട്ടയാടൽ നടക്കുകയാണെന്ന് മുട്ടിൽ മരംമുറിക്കേസിൽ ആരോപണവിധേയനായ മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം.
ഒരു അഴിമതിക്കും കുട്ടു നിന്നിട്ടില്ലെന്നും നിൽക്കുകയുമില്ലെന്നും ദീപക് ഫെയ്സ്ബുക്കിൽ കുറിച്ചു.
വൈകി ആയാലും സത്യം ജയിക്കും എന്നാണ് വിശ്വാസം. അതുവരെ ഇനി പ്രതികരിക്കുന്നില്ലെന്നും ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
കേസിൽ പ്രതികളായ ആന്റോ അഗസ്റ്റിനും ആരോപണവിധേയനായ വനം ഉദ്യോഗസ്ഥൻ എൻ.ടി സാജനും തമ്മിൽ നാലു മാസത്തിനിടെ 86 കോളുകൾ വിളിച്ചു. ദീപക് ധർമ്മടവും ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മിൽ നാലു മാസത്തിനിടെ 107 തവണ വിളിച്ചു. വനംവകുപ്പ് എ.പി.സി.സി.എഫ് രാജേഷ് രവീന്ദ്രൻറെ അന്വേഷണ റിപ്പോർട്ടിൻറെ ഭാഗമായ ഫോൺ രേഖയാണ് പുറത്തുവന്നത്.
മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ സമീറിനെ കള്ളക്കേസിൽ കടുക്കാൻ സാജനും ആൻറോ അഗസ്റ്റിനും മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും ചേർന്ന് ഒരു സംഘമായി പ്രവർത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രൻറെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇവരുടെ ഗൂഢാലോചന കൃത്യമായി വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഫോൺ സംഭാഷണത്തിൻറെ രേഖകൾ.