ഏത് ദീപക് ധർമ്മടമായാലും ക്രമക്കേട് കാട്ടിയാൽ നടപടി ഉണ്ടാകുമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. സിപിഎമ്മുമായി അടുപ്പമുള്ള ആളാണെങ്കിലും ക്രമക്കേട് കാട്ടിയാല്‍ സര്‍ക്കാരിന്റെ സംരക്ഷണം ഉണ്ടാകില്ല. എല്ലാ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. മുട്ടില്‍ മരംമുറി വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ബാലൻ.
മുട്ടിൽ മരംമുറി കേസ് അന്വേഷണം മികച്ച രീതിയിൽ നടക്കുകയാണെന്ന് എ കെ ബാലന്‍ പറഞ്ഞു. ആരൊക്കെയാണോ പങ്കാളികൾ ആയിട്ടുള്ളത് അവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരും. സി.പി.എമ്മിന്റെ ചോട്ടിൽ ഉള്ള നേതാവായാലും മധ്യത്തിലായാലും മേലെ ഉള്ള നേതാവായാലും ഭരണത്തിന്റെ തണൽ ഉപയോഗിച്ചുകൊണ്ട് ഭരണ കേന്ദ്രങ്ങൾ ഉണ്ടാക്കാൻ സി.പി.എം ഒരാളെയും അനുവദിക്കില്ല. ദീപക് ധർമ്മടമല്ല ധർമ്മടം ദീപക്കായാലും സർക്കാരിന്റെ സംരക്ഷണമുണ്ടാവില്ലെന്ന് എ കെ ബാലന്‍ പറഞ്ഞു.
“ആരാണ് ദീപക് ധർമ്മടം ഞങ്ങളുടെ പാർട്ടിയേക്കാൾ വലിയ ആളാണോ. ഞങ്ങളുടെ പാർട്ടിയുടെ ആളുകൾ ആണെങ്കിൽ തന്നെ അങ്ങനെ ഉള്ള എന്തിലെങ്കിലും പെട്ടിട്ടുണ്ടെങ്കിൽ അവരെ ഒക്കെ തന്നെ ചെവിക്ക് പിടിച്ച് നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരും. അത് തെളിയിച്ചതാണ് ഈ പാർട്ടി. അതുകൊണ്ടാണ് ജനങ്ങളിൽ ഞങ്ങൾക്കുള്ള വിശ്വാസം അത് എക്സ് ഓർ വൈ ആരായാലും ജനഹിതത്തിനെതിരായി സ്റ്റേറ്റിന്റെ താല്പര്യത്തിന് എതിരായി ആര് നിന്ന് കഴിഞ്ഞാലും അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരും സംഘടനപരമായിട്ടുള്ള നടപടി സ്വീകരിക്കും.” എ കെ ബാലന്‍ പറഞ്ഞു.