ദീപുവിനെ സി.പി.എം പ്രവര്‍ത്തകര്‍ തല്ലിക്കൊന്നതാണ്: വി.ഡി സതീശൻ

സി.പി.എമ്മിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വിളക്കണയ്ക്കല്‍ സമരത്തിന് ആഹ്വനം നല്‍കിയതിന്റെ പേരിലാണ് പട്ടിജാതി കോളനിയില്‍ കടന്നു കയറി സി.പി.എം പ്രദേശിക നേതാക്കളുടെ സാന്നിധ്യത്തില്‍ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ മര്‍ദ്ദിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്ന ധിക്കാരമാണ് സി.പി.എമ്മിന്. പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം ലഭിച്ചതോടെ സി.പി.എം പോഷക സംഘടനാ നേതാക്കള്‍ക്കുണ്ടായ ധാര്‍ഷ്ട്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദീപു എന്ന ചെറുപ്പക്കാരന്‍. അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കേണ്ട. ദീപുവിനെ സി.പി.എം പ്രവര്‍ത്തകര്‍ തല്ലിക്കൊന്നതാണ്. വെന്റിലേറ്ററില്‍ കിടക്കുന്നയാള്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെന്ന സ്ഥലം എം.എല്‍.എയുടെയും സി.പി.എമ്മിന്റെയും വാദം ബാലിശമാണെന്നും വി.ഡി സതീശൻ പറഞ്ഞു.

അതേസമയം ദീപുവിന്റെ മരണത്തിൽ പോസ്റ്റ്‌മോര്‍ട്ടം നാളെയേ നടത്തൂ. ഇതുമായി ബന്ധപ്പെട്ട ഇന്‍ക്വസ്റ്റ് നടപടികള്‍ നിര്‍ത്തിവെച്ചു. പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ നാളെ നടത്തും. പൊലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം.

Read more

കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി.കെ. ദീപു(38) ആണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മർദ്ദിച്ചതെന്നാണ് ആരോപണം.