യു.എ.പി.എ അറസ്റ്റ്: അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

കോഴിക്കോട് പന്തീരങ്കാവ് രണ്ട് വിദ്യാർത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ  കേസില്‍  ജാമ്യാപേക്ഷയില്‍  കോടതി ഇന്ന് വിധി പറയും. അലന്‍ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും ജാമ്യാപേക്ഷയില്‍  കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച തെളിവുകൾ പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ  ഹാജരാക്കിയിരുന്നു. പൊലീസിന്റെ കൈയിലുള്ള തെളിവുകളൊന്നും യുഎപിഎ ചുമത്താന്‍ പര്യാപ്തമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.  പ്രതികളുടെ ജാമ്യാപേക്ഷയെ പ്രൊസിക്യൂഷന്‍ കോടതിയില്‍ എതിർത്തിട്ടില്ല.

എന്നാൽ യുഎപിഎ നിലനിൽക്കുമെന്നാണ് കോടതി നിരീക്ഷണമെങ്കിൽ ജാമ്യസാദ്ധ്യത അടയും. യുഎപിഎ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോള്‍ പ്രത്യേക നിര്‍ദ്ദേശമൊന്നും ഇല്ലെന്നായിരുന്നു പ്രോസിക്യൂട്ടര്‍ എം കെ ജയകുമാറിന്‍റെ ഇന്നലത്തെ മറുപടി. അതേ സമയം താഹയെയും അലനെയും പിടികൂടുന്ന സമയത്ത് ഓടി രക്ഷപ്പെട്ട മൂന്നാമനായി തെരച്ചിൽ തുടരുകയാണ് പൊലീസ്.

അലനും താഹയ്ക്കുമൊപ്പം മൂന്നാമൻ ബൈക്കിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യം ലഭിച്ചതായി ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. പ്രതികളുടെ കൈയിൽ നിന്നും പിടിച്ചെടുത്ത തീവ്ര ഇടത് യോഗങ്ങളുടെ  മിനിട്സിൽ പേരുള്ള ചിലരുടെ വീടുകളിലും ഇന്നലെ പൊലീസ് പരിശോധന നടത്തി. പ്രതികളുടെ കൈയിൽ നിന്ന് പിടിച്ചെടുത്ത കോഡ് ഭാഷയിലുള്ള നോട്ട് വിദഗ്ധരുടെ സഹായത്തോടെ വായിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇരുവരും സിപിഐ മാവോയിസ്റ്റ് പ്രവർത്തകരാണെന്ന നിലപാടിൽ പൊലീസ് ഉറച്ച് നിൽക്കുകയാണ്. എന്നാൽ ഇരുവരും നിരോധിത സംഘടനയുടെ അംഗങ്ങളെന്ന് തെളിയിക്കുന്ന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലില്ലെന്ന് പ്രതിഭാഗം ഇന്നലെ കോടതിയിൽ വാദിച്ചു. യുഎപിഎ നിലനിൽക്കില്ലെന്ന് വാദിച്ച പ്രതിഭാഗം, പിടിയിലായവർ ഏതു ദിവസും കോടതിയിൽ ഹാജരാകാൻ തയ്യാറാണെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ എംകെ ദിനേശൻ പറഞ്ഞു.

മാവോയിസ്റ്റുകൾ രഹസ്യസ്വഭാവത്തോടെ  എങ്ങനെ ജീവിക്കണം എന്ന മാർഗ നിർദ്ദേശമടങ്ങുന്ന കൈപുസ്തകം താഹയുടെ വീട്ടിൽ നിന്ന് കിട്ടിയെന്ന് പൊലീസ് പറയുന്നു. സഖാക്കൾ പരസ്പരം ഫോണിൽ സംസാരിക്കരുതെന്നും മീറ്റിങ്ങുകളുടെ രഹസ്യ സ്വഭാവം  സൂക്ഷിക്കാൻ വേണ്ട മുൻകരുതലെന്തെന്നും ഇതിൽ വിവരിക്കുന്നുണ്ട്. പിടിച്ചെടുത്ത ലാപ്ടോപ്പ്, പെൻഡ്രൈവ് എന്നിവയുടെ ശാസ്ത്രീയ പരിശോധനയിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്ന് ആണ് പൊലീസ് പ്രതീക്ഷ. ജാമ്യാപേക്ഷയിലെ കോടതിവിധിക്ക് ശേഷം പ്രതികളെ കസ്റ്റഡിയിൽ കിട്ടാനായി പൊലീസ് അപേക്ഷ നൽകും.

അതേസമയം അലനും താഹക്കും സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ട് പ്രതികളെയും കോഴിക്കോട് നിന്ന് മാറ്റണമെന്ന് ഇന്നലെ ജയിൽ സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നു. പ്രതികൾ ജയിലിൽ സുരക്ഷിതരല്ലെന്നും അതിനാൽ ഇവരെ ഇവിടെ നിന്നും മറ്റൊരിടത്തേക്ക് മാറ്റണമെന്നുമാണ് ആവശ്യം. ഇതിനായി ഉടൻ ഡിജിപിക്ക് അപേക്ഷ നൽകും.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!