തീരദേശ പരിപാലന ചട്ടലംഘനം നടത്തിയ ആലപ്പുഴ നെടിയന്‍ത്തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് ഇന്ന് പൊളിച്ച് തുടങ്ങും. ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജയുടെ നേതൃത്വത്തിലാവും പൊളിക്കല്‍ നടപടികള്‍. ഇന്ന് രാവിലെ പത്തിന് പൊളിക്കല്‍ നടപടികള്‍ ആരംഭിക്കും.
റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന 7.0212 ഹെക്ടര്‍ ഭൂമിയില്‍ 2.9397 ഹെക്ടര്‍ കൈയേറ്റമാണെന്ന് കണ്ടെത്തിയതിനാലാണ് പൊളിക്കല്‍ നടപടി. 54 വില്ലകളും അനുബന്ധ സൗകര്യങ്ങളുമുള്ള 35,900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടഭാഗങ്ങളാണ് പൊളിച്ചുനീക്കേണ്ടത്. ഇതിന്റെ പ്രാരംഭ നടപടിയെന്ന നിലയില്‍ ഇന്ന് രണ്ട് വില്ലകള്‍ തകര്‍ക്കുമെന്നാണ് അറിയിപ്പ്.
ആലപ്പുഴ നെടിയംത്തുരുത്തില്‍ വേമ്പനാട്ടുകായലിന്റെ തീരത്താണ് കാപ്പിക്കോ റിസോര്‍ട്ട് പണിതുയര്‍ത്തിയത്. കുവൈറ്റ് ആസ്ഥാനമായ കാപ്പിക്കോ ഗ്രൂപ്പ് മുത്തറ്റ് മിനി ഗ്രൂപ്പ് ഉടമ റോയി എം മാത്യുവുമായി ചേര്‍ന്നായിരുന്നു റിസോര്‍ട്ട് നിര്‍മ്മാണം. കാപ്പിക്കോ കേരള റിസോര്‍ട്ട് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്താണ് റിസോര്‍ട്ട് നിര്‍മ്മിച്ചത്.
റിസോര്‍ട്ടിന്റെ ഒരു ഭാഗം തീരദേശപരിപാലന നിയമം ലംഘിച്ചാണ് നിര്‍മിച്ചതെന്ന് സുപ്രീംകോടതിയുടെ 2020 ജനുവരിയിലെ വിധിയുടെ അടിസ്ഥാനത്തിലാണ് പൊളിക്കല്‍ നടപടികള്‍. പൊളിക്കല്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും.