കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ വർധിക്കുന്നു. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് ഒൻപത് പേര്‍ക്കാണ്. കഴിഞ്ഞ 40 ദിവസത്തിനിടെ നാനൂറ്റി അമ്പതോളം പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചത്. രോഗവ്യാപനം തടയാൻ മുൻകരുതൽ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഈ മാസം മാത്രം 96 പേര്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 350 ലേറെ പേര്‍ക്കും ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചിരുന്നു. രോഗം ബാധിച്ചവരില്‍ ഏറെയും നഗര പരിധിയില്‍ താമസിക്കുന്നവരാണ്.
പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവ സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.
മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ മരണം പോലും സംഭവിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.