കൊച്ചിയില്‍ ഡെങ്കിപ്പനി പടരുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നഗരസഭ നടത്തുന്നില്ലെന്ന് ആക്ഷേപം . കൊതുക് നശീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന ജില്ലാ ആരോഗ്യവിഭാഗത്തിന്റെ ഉത്തരവും നഗരസഭ നടപ്പാക്കില്ലെന്നാണ് വിമര്‍ശനം. കൊച്ചി കോര്‍പ്പറേഷനിലെ കൊതുക് നിര്‍മാര്‍ജന സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചതായും വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമാണ്.
ഈ മാസം മാത്രം ഇതുവരെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 143 പേര്‍ക്ക് 660 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സതേടിയിരിക്കുകയാണ് . ജില്ലയില്‍ ഈ മാസം റിപ്പോര്‍ട്ട് ചെയ്ത രണ്ട് ഡെങ്കി പനി മരണങ്ങളും കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ തന്നെയാണ്.
ഈ സാഹചര്യത്തിലാണ് നഗരസഭ ആരോഗ്യവിഭാഗം കൊതുക് നശീകരണമടക്കം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ നഗരസഭ അധികൃതര്‍ ഇതിനായി ഒരു നടപടിയും സ്വീകരിക്കുന്നില്ല.
നഗരസഭയിലെ കൊതുക് നിര്‍മാര്‍ജന സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ചതായാണ് ഇതുമായി ബന്ധപ്പെട്ട വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ പുതിയ സ്‌ക്വാഡ് രൂപീകരിച്ചിട്ടില്ലെന്ന മറുപടിയും നഗരസഭ നല്‍കിയിട്ടുണ്ട്.