'ഗ്രേഡിങ് രീതി മാറും, ഓപ്പൺബുക്ക് പരീക്ഷ വരും'; സ്‌കൂൾ വിദ്യാഭ്യാസത്തിലെ മൂല്യനിർണയരീതി പരിഷ്കരിക്കാൻ വിദ്യാഭ്യാസവകുപ്പ്

സ്‌കൂൾ വിദ്യാഭ്യാസത്തിലെ മൂല്യനിർണയരീതി പരിഷ്കരിക്കാൻ ഒരുങ്ങി സംസ്ഥാന വിദ്യാഭ്യാസവകുപ്പ്. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ നിരന്തരമൂല്യനിർണയമാണ് പുനർനിർണയിക്കുക. എൻസിഇആർടി മൂല്യനിർണയത്തിന് നിർദേശിച്ച വിദ്യാർഥികളുടെ സമഗ്രവികാസരേഖ കേരളത്തിന് അനുസൃതമായി നടപ്പാക്കും. എസ്എസ്എൽസി എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് നിർബന്ധമാക്കുന്നതിന് പിന്നാലെയാണ് പുതിയ നടപടി.

പുതിയ പരിഷ്കരണം വഴി ഓപ്പൺബുക്ക് പരീക്ഷ നടപ്പിലാക്കും. ഇതുവഴി വിദ്യാർത്ഥികൾക്ക് പാഠ പുസ്‌തകങ്ങൾ റഫറൻസിന് നൽകി വായിച്ച് ഉത്തരമെഴുതാനാകും. ഇതുകൂടാതെ ടേക്ക് ഹോം എക്‌സാം വഴി ചോദ്യപേപ്പർ വീട്ടിൽകൊണ്ടുപോയി ഉത്തരമെഴുതാം. അതേസമയം ഓൺ ഡിമാൻഡ് എക്‌സാം നടപ്പിലാക്കും. അതായത് ഒന്നിലേറെ പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം ഉണ്ടാകും. അതിൽ മികച്ചപ്രകടനം നോക്കി വിലയിരുത്തലും, കുട്ടി ആവശ്യപ്പെടുന്നമുറയ്ക്ക് പരീക്ഷയെഴുതാനും അനുവദിക്കും. വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സമിതി മൂല്യനിർണയം നിരീക്ഷിക്കും.

Read more

അതേസമയം ഗ്രേഡിങ്ങിലും മാറ്റമുണ്ടാകും. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ ഗ്രേഡിങ് നിർണയരീതി മാറ്റാനും പരിഷ്കരണം ലക്ഷ്യമിടുന്നുണ്ട്. നിലവിൽ 75-100 ശതമാനം മാർക്ക് നോക്കിയാണ് എ ഗ്രേഡ് നൽകുന്നത്. ഇതിൽ താഴെയുള്ള മാർക്ക് കണക്കാക്കി ബി, സി, ഡി, ഇ ഗ്രേഡുകളും നൽകും. കൂടാതെ പഠനത്തിനുപുറമെ, കലാ, കായികം തുടങ്ങിയ മേഖലകളിലെയും കുട്ടികളുടെ ശേഷി വിലയിരുത്തും. കുട്ടിയുടെ ഓരോ വികാസഘട്ടവും ക്ലാസ് ടീച്ചർ ഓൺലൈനായി രേഖപ്പെടുത്താനും പുതിയ പരിഷ്കരണത്തിൽ തീരുമാനമുണ്ട്.