ഇടുക്കിയിലെ ചൊക്രമുടിയിൽ വയനാടിന് സമാനമായ ഉരുൾപൊട്ടലിന് സാധ്യതയെന്ന് ജിയോളജി വകുപ്പ്; തടയണയ്ക്ക് സമീപം സോയിൽ പൈപ്പിങ് കണ്ടെത്തി

വയനാടിനെ ദുരന്തമെടുത്തിട്ട് അധികമായിട്ടില്ല. ഇനിയും ഒരു ദുരന്തത്തെ താങ്ങാനുള്ള ശേഷി കേരളത്തിനുണ്ടോ എന്നും സംശയമാണ്. രണ്ട് ഗ്രാമങ്ങളെ തുടച്ചുനീക്കിയ വിനാശകരമായ മണ്ണിടിച്ചിലാണ് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായത്. അതിനിടയിൽ വീണ്ടും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഇടുക്കി ചൊക്രമുടിയിൽ വയനാടിന് സമാനമായ ഉരുൾപൊട്ടലിന് സാധ്യതയെന്ന് ജിയോളജി വകുപ്പിന്റെ മുന്നറിയിപ്പ്. ചൊക്രമുടിയിൽ അനധികൃതമായി നിർമിച്ച തടയണയ്ക്ക് സമീപം സോയിൽ പൈപ്പിങ് പ്രതിഭാസം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഇവിടത്തെ അനധികൃക നിർമാണങ്ങൾ, വയനാട്ടിൽ ഉണ്ടായതിന് സമാനമായ ഉരുൾപൊട്ടലിന് കാരണമായേക്കാമെന്നാണ് ജിയോളജി വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്.

വയനാട് ജില്ലയിൽ മേപ്പാടി പഞ്ചായത്തിൽ 2024 ജൂലൈ 30-നായിരുന്നു കേരളക്കരയെ ഞെട്ടിച്ച ആ ഉരുൾപൊട്ടൽ. മുണ്ടക്കൈ, ചൂരൽമല, അട്ടമല,പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിടങ്ങളിൽ പുലർച്ചയുണ്ടായ ഒന്നിലധികം ഉരുൾപൊട്ടലുകളാണ് വയനാട് ഉരുൾപൊട്ടലിൽ ആക്കം കൂട്ടിയത്. ഈ മഹാ ദുരന്തത്തിൽ 403 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു.

കനത്ത മഴയിൽ കുന്നിൻചെരിവുകൾ ഇടിഞ്ഞുവീഴാൻ കാരണമായി. അതിൻ്റെ ഫലമായി ചെളിയും വെള്ളവും പാറക്കല്ലുകളും പ്രദേശത്തേക്ക് പതിച്ചു. കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തങ്ങളിൽ ഒന്നായാണ് ഈ ഉരുൾപൊട്ടലിനെ കണക്കാക്കുന്നത്. ഏറ്റവും കുറഞ്ഞത് 227 മൃതദേഹങ്ങളും, 190 ശരീരഭാഗങ്ങളും കണ്ടെത്തിയിരുന്നു. 273-ലധികം പേരെ പരിക്കുകളോടെ കണ്ടെത്തി. 150-ലധികം പേരെ കാണാതായതായും ചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ കേരളക്കരയെ ദുരന്തത്തിലാഴ്ത്തിയ മറ്റൊരു പ്രകൃതി ദുരന്തം ഈ അടുത്തിടെ ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് വയനാടിന് സമാനമായ ഉരുൾപൊട്ടൽ ചൊക്രമുടിയിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ് അറിയിച്ചിരിക്കുന്നത്. സോയിൽ പൈപ്പിങ് പ്രതിഭാസത്തിന്റെ ഭാഗമായി വലിയ ഉരുൾപ്പൊട്ടലാണ് ഉണ്ടാകാൻ പോകുന്നതെന്നാണ് ജിയോളജി വകുപ്പ് പറഞ്ഞ് വയ്ക്കുന്നത്.

എന്താണ് സോയിൽ പൈപ്പിങ്

ഭൂമിക്കടിയിൽ മണ്ണൊലിപ്പുണ്ടാകുന്ന പ്രതിഭാസമാണ് സോയിൽ പൈപ്പിങ് അഥവാ കുഴലീകൃത മണ്ണൊലിപ്പ്. ചുരുക്കത്തിൽ പറഞ്ഞാൽ മണ്ണിനടിയിലെ മണ്ണൊലിപ്പാണ് ഇതെന്ന് പറയാം. മണ്ണ് ആദ്യം ചെറിയ കുഴലിന്റെ വണ്ണത്തിലും പിന്നീട് തുരങ്കവലിപ്പത്തിലും മറ്റൊരിടത്തേക്ക് ഒലിച്ചു നീങ്ങുന്നതുവഴി മേൽ മണ്ണ് ഇടിയുന്നതാണ് സോയിൽ പൈപ്പിങിൽ പൊതുവേ സംഭവിക്കുന്നത്. ഈ പ്രതിഭാസം നിശ്ശബ്ദമായി സംഭവിക്കുന്നതിനാൽ ഭൗമശാസ്ത്രജ്ഞർ ഇതിനെ ‘മണ്ണിന്റെ കാൻസർ’ എന്നും വിളിക്കാറുണ്ട്.

ഭൂമിക്കടിയിൽ ടണലുകൾ രൂപപ്പെടുകയും അതിന്റെ ഫലമായി നദിയൊഴുകുന്നത് പോലെ നിരവധി കൈവഴികളായി ചെറുതുരങ്കങ്ങൾ രൂപപ്പെടുകയും അതിലൂടെ ദൃഢത കുറഞ്ഞ കളിമണ്ണും ദ്രവിച്ച പാറക്കഷണങ്ങളും ഒഴുകി മലയുടെ അടിവാരത്തേക്ക് ടണലിലൂടെ നിക്ഷേപിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ ഒരു പ്രദേശം മുഴുവൻ ദുർബലമാവുകയും മലയിടിച്ചിലിന് കാരണമാവുകയും ചെയ്യും.

ജിയോളജി വകുപ്പ് റിപ്പോർട്ട് പ്രകാരം സോയിൽ പൈപ്പിങ് ഉണ്ടായാൽ മണ്ണിടിഞ്ഞ് താഴുമെന്നും ഒരുപ്രദേശം തന്നെ നശിക്കുമെന്നും പറയുന്നു. അതേസമയം ചൊക്രമുടി മേഖലയിലെ കൈയേറ്റവും നിർമാണങ്ങളും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനാൽ തന്നെ പരിസ്ഥിതിലോലമായ ഈ പ്രദേശം റവന്യൂ വകുപ്പ് ഏറ്റെടുക്കണമെന്നും ജിയോളജി വകുപ്പ് ശുപാർശ ചെയ്തിട്ടുമുണ്ട്. മരങ്ങൾ വ്യാപകമായി പിഴുത് മാറ്റിയതും പരിസ്ഥിതി ആഘാതത്തിന് കാരണമാക്കാം എന്നും റിപ്പോർട്ടിൽ പറയുന്നു.

ആനമുടി കഴിഞ്ഞാൽ ഏറ്റവും ഉയരം കൂടിയ മലനിരയാണ് ചൊക്രമുടി. സമുദ്രനിരപ്പിൽനിന്ന് 7200 അടി ഉയരത്തിലുള്ള ചൊക്രമുടി ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. കേരളത്തിലെ പ്രധാന കൊടുമുടികളിൽ ഒന്നായ ചൊക്രമുടിയിൽ ഓഗസ്റ്റിലാണ് വലിയ നിർമാണ പ്രവർത്തനങ്ങൾ നടന്നത്. അടിമാലി സ്വദേശി സിബി ജോസഫ് ഇവിടെ റോഡ് വെട്ടുകയും തടയണ നിർമിക്കുകയും ചെയ്തു‌. ഒരു വീട് നിർമിക്കുന്നതിനായി ദേവികുളം തഹസിൽദാർ നൽകിയ എൻ.ഒ.സി.യുടെ പിൻബലത്തിൽ ഇയാൾ പ്ലോട്ടുകൾ തിരിച്ച് വിൽക്കുകയും നൂറുകണക്കിന് മരങ്ങൾ വെട്ടിനീക്കുകയും ചെയ്തു. സംഭവം വിവാദമായതിന് പിന്നാലെ റവന്യൂ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയിൽ വ്യാപക ക്രമക്കേടുകളും കണ്ടെത്തി.

സിബി ജോസഫ് ഇവിടത്തെ പട്ടയം വ്യാജമായി ചമച്ചതാണോയെന്ന് പരിശോധിക്കണമെന്നും റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്‌ച വന്നിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൂടാതെ നിർമാണപ്രവർത്തനങ്ങൾ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ദേവികുളം സബ് കളക്‌ടർ വി.എം. ജയകൃഷ്‌ണന്റെ നേതൃത്വത്തിൽ റവന്യൂ, ജിയോളജി, വനം, മണ്ണ് സംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചത്. ഈ പരിശോധനയിലാണ് സോയിൽ പൈപ്പിങ് ഉൾപ്പെടെയുള്ളത് കണ്ടെത്തിയത്. ഇതിൻ്റെ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് ഉടൻ സമർപ്പിക്കും.

അതേസമയം ഉയർന്ന പ്രദേശത്തുനിന്നും ഭൂസ്‌ഥിരത നഷ്‌ടപ്പെട്ട് മണ്ണും ചളിയും പാറയും വലിയതോതിൽ താഴ്ന്ന പ്രദേശങ്ങളിലേക്ക് പതിക്കുന്ന പ്രതിഭാസമായ ഉരുൾപൊട്ടൽ ഭീഷണി കേരളത്തിൽ നിരവധി മേഖലകൾ നേരിടുന്നുണ്ട്. ഉരുൾപൊട്ടലിന് നിരവധി കാരണങ്ങളുണ്ടെങ്കിലും ഏറ്റവും കൂടുതൽ കാണപ്പെടുന്നത് സോയിൽ പൈപ്പിങ് പ്രതിഭാസമാണ്. വയനാട്ടിലെ പുത്തുമലയിൽ ഉരുൾപൊട്ടാൻ കാരണം സോയിൽ പൈപ്പിങ് ആയിരുന്നു. മുണ്ടക്കൈയിലെ ഉരുൾപൊട്ടിനുപിന്നിലും ഇതേകാരണം തന്നെയാണെന്നും വിദഗ്‌ധർ വ്യക്തമാക്കുന്നു.

Latest Stories

പങ്കാളിയെ മാത്രമല്ല പണവും മാട്രിമോണി നല്‍കും; പണമില്ലാത്തതുകൊണ്ട് വിവാഹം കഴിക്കാതിരിക്കേണ്ടെന്ന് മാട്രിമോണി ഗ്രൂപ്പ്

ഗോവയില്‍ നിന്നും മദ്യം തന്നെയാണ് ഞാന്‍ വാങ്ങിയത്, പക്ഷെ..; വൈറല്‍ വീഡിയോയെ കുറിച്ച് അല്ലു അര്‍ജുന്‍

അർജന്റീനയ്ക്ക് മുട്ടൻ പണി കിട്ടാൻ സാധ്യത; ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

രഞ്ജിയിൽ ചരിത്രം; ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് വീഴ്ത്തി ഹരിയാന പേസർ കംബോജ്

ബൗണ്ടറി വരയില്‍ നിന്ന് അല്പം വിട്ട് കളിക്കളത്തിനുള്ളില്‍ തന്നെ വലിയൊരു മരം, അന്താരാഷ്ട്ര മത്സരങ്ങളടക്കം നടന്ന വിചിത്ര മൈതാനം!

വിശദീകരിച്ചു, പോയി; സംസ്ഥാന സെക്രട്ടേറിയറ്റ് കഴിയും മുൻപേ ഇപി മടങ്ങി

എനിക്കും അന്ന് ജോലി രാജി വയ്‌ക്കേണ്ടി വന്നു.. പ്രശാന്തിന് ഇതൊരു വിശ്രമസമയം മാത്രം: ജി വേണുഗോപാല്‍

കള്ളപ്പണം വെളുപ്പിക്കലില്‍ സാന്റിയാഗോ മാര്‍ട്ടിനെ വിടാതെ ഇഡി; ഒരേ സമയം 20 സ്ഥലങ്ങളില്‍ പരിശോധന; ലോട്ടറി രാജാവിന്റെ 'ഫ്യൂച്ചര്‍ ഗെയിമിങ്' വീണ്ടും വിവാദത്തില്‍

നിങ്ങൾ എന്തിനാണ് ആവശ്യമില്ലാത്തത് പറയാൻ പോയത്, സഞ്ജുവിന്റെ പിതാവിനെതിരെ മുൻ ഇന്ത്യൻ താരം; പറഞ്ഞത് ഇങ്ങനെ

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് പോരില്‍ ബിസിസിഐയുടെ ഉശിരന്‍ നീക്കം, വിധി അടുത്തയാഴ്ച!