തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ല; തിരോധാനത്തിന് പിന്നില്‍ മണ്ണ് മാഫിയയെന്ന് കുടുംബം

മലപ്പുറം തിരൂരില്‍ നിന്ന് ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. തിരൂര്‍ മാങ്ങാട്ടിരി പൂക്കേയ് സ്വദേശി പിബി ചാലിബിനെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്നാണ് കുടുംബം പൊലീസില്‍ നല്‍കിയ പരാതി.

പരാതി ലഭിച്ചതിന് പിന്നാലെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം 5.15ന് ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ കുടുംബവുമായി ചാലിബ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ചാലിബിന്റെ തിരോധാനത്തിന് പിന്നില്‍ മണ്ണ് മാഫിയയ്ക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്നുണ്ട്.

ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ വീട്ടിലേക്ക് വിളിച്ച ചാലിബ് തനിക്ക് വളാഞ്ചേരിയില്‍ ഒരു പരിശോധന നടത്താന്‍ പോകണമെന്നും വൈകുമെന്നും ഭാര്യയെ അറിയിച്ചു. എന്നാല്‍ രാത്രി എട്ട് കഴിഞ്ഞിട്ടും ചാലിബ് വീട്ടിലെത്തിയില്ല. ഇതോടെ കുടുംബം അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.

12 മണി വരെ നടത്തിയ അന്വേഷണത്തില്‍ ഫലം കാണാത്തതിനെ തുടര്‍ന്നാണ് കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചത്. കോഴിക്കോട് പാളയം ഭാഗത്തായിരുന്നു ചാലിബിന്റെ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍. തുടര്‍ന്ന് രാവിലെ ഫോണ്‍ സ്വിച്ച് ഓഫ് ആയി.