മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ പ്രതിരോധം തീർത്ത് ദേശാഭിമാനിയും. എഡിറ്റോറിയൽ ലേഖനത്തിലൂടെയാണ് വീണയ്ക്ക് അനുകൂലമായ വാദം. സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത് സുതാര്യമായാണെന്ന് എഡിറ്റോറിയൽ പറയുന്നു.കൈപ്പറ്റിയ പണത്തിന് നികുതി അടച്ചിട്ടുണ്ട്. വീണയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവ്. വീണയ്ക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടു എന്നും ദേശാഭിമാനി ലേഖനത്തിൽ പറയുന്നു.
വിജിലൻസ് അന്വേഷണം വേണം എന്നുള്ളത് യാഥാർത്ഥ്യബോധത്തിന് നിരക്കാത്തതാണ്. സി എം ആർ എല്ലും എക്സാലോജിക്കും തമ്മിലുള്ള കരാറിൽ പൊതു സേവകർ കക്ഷിയല്ല. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെങ്കിൽ പൊതു സേവകർ വേണമെന്നും ദേശാഭിമാനിയുടെ എഡിറ്റോറിയൽ പറയുന്നു.
മാസപ്പടി വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ദേശാഭിമാനിയിലെ ലേഖനം. വീണയ്ക്കൊപ്പം നിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും, മന്ത്രി മുഹമ്മദ് റിയാസും ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സിപിഎം വിവാദത്തെ ന്യായീകരിക്കുമ്പോഴും മുഖ്യമന്ത്രി വിവാദങ്ങളോട് പ്രതികരിച്ചിട്ടില്ല. പുതുപ്പള്ളിയിൽ പൊതുയോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി മാധ്യമങ്ങളേയും വാർത്തകളേയും വിമർശിച്ചെങ്കിലും വിവാദത്തെക്കുറിച്ച് മിണ്ടാൻ കൂട്ടാക്കിയില്ല.