'മറിയക്കുട്ടിക്ക് വീടില്ല, മകൾ വിദേശത്തുമല്ല'; വ്യാജ വാർത്ത നൽകിയതിൽ ഖേദംപ്രകടിപ്പിച്ച് ദേശാഭിമാനി

മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന് വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും ഇവരുടെ മകള്‍ പ്രിന്‍സി വിദേശത്താണ് താമസിക്കുന്നതെന്നും വാര്‍ത്ത വരാനിടയായതില്‍ ഖേദിക്കുന്നതായി ദേശാഭിമാനി വ്യക്തമാക്കി.

തനിക്കെതിരേയുള്ള വ്യാജ പ്രചാരണത്തിനെതിരേ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സിപിഎം മുഖപത്രം ഖേദംപ്രകടിപ്പിച്ചത്. ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിന് മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്കെതിരെയാണ് ദേശാഭിമാനി വ്യാജ വാർത്താ നൽകിയത്.

‘മറിയക്കുട്ടി താമസിക്കുന്ന വീട് മകളുടെ പേരിലുള്ളത്’ എന്ന തലക്കെട്ടേടെ ബുധനാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് പത്രത്തിന്റെ ഖേദപ്രകടനം. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയ മകള്‍ പ്രിന്‍സിയുടെ പേരിലുള്ളതാണ്. ഈ മകള്‍ വിദേശത്താണെന്ന രീതിയില്‍ നല്‍കിയ വാര്‍ത്ത തെറ്റാണെന്നും ദേശാഭിമാനി വ്യക്തമാക്കി. ഇപ്പോള്‍ 200 ഏക്കര്‍ എന്ന സ്ഥലത്ത് താമസിക്കുന്ന മറിയക്കുട്ടിക്ക് പഴംമ്പള്ളിച്ചാലില്‍ ഭൂമിയുണ്ടായിരുന്നു. എന്നാല്‍, ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിറ്റുവെന്നും വാര്‍ത്തയില്‍ പറയുന്നു.

ക്ഷേമ പെന്‍ഷന്‍ വിഷയത്തില്‍ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വലിയ ആസ്തിയുണ്ടെന്ന് പാര്‍ട്ടി മുഖപത്രത്തില്‍ വാര്‍ത്ത വന്നതിന് പിന്നാലെ അവര്‍ക്കെതിരേ സിപിഎം അനുകൂലികളുടെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതില്‍ ഒന്ന് വാടകയ്ക്ക് നല്‍കിയിരിക്കുക ആണെന്നുമായിരുന്നു സിപിഎം പ്രചരിപ്പിച്ചത്. പെണ്‍മക്കളായ നാലുപേരും നല്ല സാമ്പത്തിക സ്ഥിതിയില്‍ കഴിയുന്നവരാണ്. ഇതില്‍ ഒരാള്‍ വിദേശത്താണെന്നുമടക്കം പ്രചാരണം കൊഴുത്തു.

ഇതോടെ തന്റെ പേരില്‍ ഭൂമിയില്ലെന്ന് മന്നാംങ്കണ്ടം വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് മറിയക്കുട്ടി പുറത്തുവിട്ടു. തനിക്കെതിരേ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കോടതിയെ സമീപിക്കുമെന്നും അപകീര്‍ത്തിക്കേസ് നല്‍കുമെന്നും മറിയക്കുട്ടി വ്യക്തമാക്കിയിരുന്നു.