തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി എൻ വാസുവും ബോർഡ് അംഗമായി കെ എസ്. രവിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് ഇരുവരും അധികാരമേൽക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനമായ നന്തൻകോട്ടെ സുമംഗലി ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. ദേവസ്വം ബോർഡ് സെക്രട്ടറി എസ്.ജയശ്രീ എൻ.വാസുവിനും കെ.എസ്.രവിയ്ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് അംഗം എൻ. വിജകുമാർ, ദേവസ്വം കമ്മീഷണർ എം. ഹർഷൻ തുടങ്ങിയവർ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം പ്രസിഡന്റും അംഗവും അധികാരം ഏറ്റെടുക്കും. തുടർന്ന് പുതിയ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ആദ്യ ബോർഡ് യോഗവും ചേരും.
എൻ.വാസു 2 തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറായി പ്രവർത്തിച്ചിട്ടുണ്ട്. മന്ത്രി പി.കെ.ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. കൊട്ടാരക്കര പൂവറ്റൂർ സ്വദേശിയും അഭിഭാഷകനുമായ വാസു വിജിലൻസ് ട്രൈബ്യൂണലിലൂടെയാണു സർക്കാർ സർവീസിൽ പ്രവേശിച്ചത്.
മാവേലിക്കര കോടതിയിൽ അഭിഭാഷകനായ രവി സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. അഖിലേന്ത്യ കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ പ്രസിഡന്റുമായി പ്രവർത്തിക്കുന്നു.