മൂന്നാറില്‍ പണിമുടക്ക് അനുകൂലികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ദേവികുളം എംഎല്‍എ എ രാജയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് ആരോപണം. എ രാജയാണ് ആരോപണം ഉന്നയിച്ചത്. കട്ടപ്പനയില്‍ വച്ചാണ് പണിമുടക്കിനിടെ എംഎല്‍എയ്ക്ക് മര്‍ദനമേറ്റത്.
ഏകപക്ഷീയമായ പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് എംഎല്‍എ ആരോപിക്കുന്നു. എസ് ഐ അടക്കമുള്ള പൊലീസുകാര്‍ മദ്യപിച്ചിരുന്നതായും എ രാജ ആരോപിച്ചു. മര്‍ദനമേറ്റതിന് പിന്നാലെ മര്‍ദിച്ച പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയിരുന്നു.
മൂന്നാറില്‍ പണിമുടക്കുമായി ബന്ധപ്പെട്ട് പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എ രാജ എംഎല്‍എ. ഇതിനിടെ ഇതുവഴി വന്ന വാഹനങ്ങളെ സമരാനുകൂലികളായ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ പൊലീസ് ഇടപെടുകയും സംഘര്‍ഷം ഉന്തിലും തള്ളിലും കലാശിക്കുകയുമായിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാന്‍ എംഎല്‍എ ശ്രമിക്കുന്നതിനിടെയാണ് രാജയ്ക്ക് മര്‍ദനമേറ്റത്. എംഎല്‍എയെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. മദ്ദനമേറ്റ എംഎല്‍എ എ രാജ, സിപിഐ നേതാവ് ടിഎം മുരുകന്‍ എന്നിവരെ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സമരക്കാരുടെ മര്‍ദനത്തില്‍ പരിക്കേറ്റേന്ന് ആരോപിച്ചു മൂന്നാര്‍ എസ്‌ഐ സാഗറും ആശുപത്രിയില്‍ അഡ്മിറ്റ് ആയി.