തൃശൂര്‍ വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് ജീവനക്കാരി 20 കോടി തട്ടിയെടുത്ത് മുങ്ങിയതായി പരാതി. തിരു പഴഞ്ചേരി സ്വദേശിയായ യുവതിയ്‌ക്കെതിരെയാണ് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ പരാതി. 18 വര്‍ഷത്തോളമായി സ്ഥാപനത്തില്‍ ജോലിനോക്കിയിരുന്ന ധന്യ മോഹനാണ് സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുത്ത് മുങ്ങിയതായി ആരോപിക്കുന്നത്.
വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ധന്യ മോഹന്‍. ഇവര്‍ 2019 മുതലാണ് തട്ടിപ്പ് ആരംഭിച്ചതെന്ന് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സ്ണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും പണം തട്ടിയതായാണ് പരാതിയിലുള്ളത്.
ഇത്തരത്തില്‍ 20 കോടിയോളം രൂപ തട്ടിയെടുത്ത് അച്ഛന്റെയും സഹോദരന്റെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഇവര്‍ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് സ്ഥലവും വീടും വാങ്ങിയതായും ആഢംബര ജീവിതം നയിച്ചതായും കണ്ടെത്തിയിരുന്നു.
പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ സ്ഥാപനത്തില്‍ നിന്ന് മുങ്ങിയ ധന്യ നിലവില്‍ ഒളിവിലാണെന്ന് വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ആരോപിക്കുന്നു. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.