ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകം ആസൂത്രിതമെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം. രക്തദാഹിയായ രാഷ്ട്രീയക്കാരനാണ് കെ.സുധാകരന്‍ എന്ന് എ.എ റഹീം പറഞ്ഞു. കൊലപാതകത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സുധാകരന്റെ പേരക്കുട്ടിയുടെ പ്രായമുള്ള ഒരു വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ഒരു കൗമാരക്കാനെ ഇതുപോലെ കൊന്നുകളഞ്ഞ കോണ്‍ഗ്രസിന് കേരളത്തിന്റെ പൊതുമനഃസാക്ഷിയുടെ മുന്നില്‍ നില്‍ക്കാന്‍ കഴിയില്ല. ഇത് സുധാകരനിസത്തിന്റെ എഫക്ടാണ്. സുധാകരന് കൊലവിളിയും കൊലപാതകവും ആയുധവുമില്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അറിയില്ലെന്ന് റഹീം ആരോപിച്ചു.
കൊലപാതകത്തെ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. രാഷ്ട്രീയ നേതാവായിട്ടല്ലെങ്കിലും ഒരു അച്ഛനായിട്ടെങ്കിലും മുത്തച്ഛനായിട്ടെങ്കിലും സുധാകരന്‍ കൊലപാതകത്തെ തള്ളിപ്പറയണം. അക്രമത്തെ തുറന്ന് എതിര്‍ക്കാനും അപലപിക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിന് മനസ്സാക്ഷി ഉണ്ടാകണം. കോണ്‍ഗ്രസിന്റെ സൈബര്‍ സംഘം വ്യാപകമായി പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് റഹീം പറഞ്ഞു.
ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. പല എഞ്ചിനീയറിങ് കോളേജുകളിലും യൂത്ത് കോണ്‍ഗ്രസ് ഇത്തരത്തില്‍ സംഘര്‍ഷത്തിന് പദ്ധതിയിട്ടിരുന്നു. കോണ്‍ഗ്രസ് കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സുധാകരന്‍ പ്രസിഡന്റായത് ഗുണ്ടായിസത്തിലൂടെ ആണെന്നും, അക്രമ രാഷ്രീയത്തിലൂടെ കേരളത്തെയും കൈപ്പിടിയില്‍ ഒതുക്കാനാണ് നോക്കുന്നതെന്നും റഹീം തുറന്നടിച്ചു.