ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതക കേസില്‍ ജില്ലാ പൊലീസ് മേധാവിയെ വിമര്‍ശിച്ച് എസ്എഫ്‌ഐ. കേസ് അന്വേഷണത്തില്‍ എസ്പിയുടെ നിലപാട് പ്രതികള്‍ക്ക് അനുകൂലമായി മാറുന്നുണ്ടോ എന്ന് സംശയമുള്ളതായി എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് ശരത് പറഞ്ഞു.
കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ധീരജിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ആശങ്കയുണ്ട് എന്നും അന്വേഷണം കാര്യക്ഷമമല്ല എന്നും ശരത് കുറ്റപ്പെടുത്തി. കേസിലെ ഒന്നാം പ്രതിയായ നിഖില്‍ പൈലി കുത്താന്‍ ഉപയോഗിച്ച കത്തി ഇടുക്കി കളക്ട്രേറ്റിന് സമീപം ഉപേക്ഷിച്ചെന്നാണ് പൊലീസിന് മൊഴി നല്‍കിയിരുന്നുത്. എന്നാല്‍ ദിവസങ്ങളോളം ഇവിടെ തിരച്ചില്‍ നടത്തിയിട്ടും കത്തി കണ്ടെത്താന്‍ സാധിച്ചില്ല.
കോളജില്‍ നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷത്തിനിടയിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലിയാണ് ധീരജിനെ കുത്തിയത്. അക്രമത്തെ തുടര്‍ന്ന് ധീരജ് മരിച്ചു. ധീരജിനൊപ്പം കുത്തേറ്റ മറ്റ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചികിത്സയിലാണ്.