ഇടുക്കി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി ധീരജ് കൊല്ലപ്പെട്ട കേസില്‍ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ഒന്നാംപ്രതി നിഖില്‍ പൈലിയുടെയും രണ്ടാംപ്രതി ജെറിന്‍ ജോജോയുടെയും കസ്റ്റഡി കാലാവധി അവസാനിച്ചു. ഇന്ന് ഇരുവരേയും ജില്ലാ കോടതിയില്‍ ഹാജരാക്കും.
കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നിഖില്‍ പൈലിയെ ഇന്നലെയും ഇടുക്കി കളക്ടറേറ്റിനു സമീപമുള്ള വനപ്രദേശത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കാറിലിരുന്ന് കത്തി വനത്തിലേക്ക് വലിച്ചെറിഞ്ഞെന്നാണ് നിഖില്‍ പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിഖിലിനെ കാറിലിരുത്തി ഡമ്മി പരീക്ഷണവും നടത്തി.
ഡമ്മി ആയുധം വീണ പ്രദേശം പൂര്‍ണമായി പരിശോധിച്ചെങ്കിലും കത്തി കണ്ടെത്താന്‍ കഴിഞ്ഞില്ല. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് പോലീസ് മുഖ്യതെളിവായ കത്തിക്കായുള്ള തെരച്ചില്‍ നടത്തിയത്.
കൊലപാതകം നടന്ന് 11 ദിവസമായിട്ടും പ്രധാന തെളിവായ കത്തി കണ്ടെത്താനാവാത്തത് പൊലീസിനെ ഏറെ കുഴപ്പിക്കുകയാണ്.