ധീരജ് കൊലപാതകം ; യൂത്ത്‌ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

ഇടുക്കി ഗവണ്‍മെന്റ് എൻജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കഞ്ഞിക്കുഴി പഞ്ചായത്തംഗമായ സോയ്മോന്‍ സണ്ണിയാണ് അറസ്റ്റിലായത്. ഇയാള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ജില്ല ജനറല്‍ സെക്രട്ടറിയാണ്.

ചേലച്ചുവട്ടിലെ വീട്ടില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ധീരജ് കൊലപാതക കേസിലെ പ്രതികളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ, ജിതിന്‍, ടോണി തേക്കിലക്കാടന്‍ എന്നിവരുമായി പൊലീസ് തെളിവെടുപ്പ് നടത്തി. എന്നാല്‍ കേസിലെ പ്രധാന തെളിവായ ധീരജിനെ കുത്തിയ കത്തി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇടുക്കി കളക്ടറേറ്റിന് മുന്നിലുള്ള വനപ്രദേശത്ത് കത്തി ഉപേക്ഷിച്ചതായാണ് നിഖില്‍ പൈലി പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ തിരച്ചില്‍ നടത്തിയിരുന്നു.

കേസിലെ ഒന്നും രണ്ടും പ്രതികളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരെ ഈ മാസം 22 വരെയും 3,4,5 പ്രതികളായ ജിതിന്‍, ടോണി, നിതിന്‍ എന്നിവരെ ഈ മാസം 21 വരെയുമാണ് അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ട് നല്‍കിയിരിക്കുന്നത്. ഇടുക്കി ജില്ല കോടതിയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

Read more

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെയാണ് ധീരജ് കുത്തേറ്റുമരിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി ധീരജിനെ കുത്തുകയായിരുന്നു. ധീരജിനും മറ്റൊരു എസ്എഫ്‌ഐ പ്രവര്‍ത്തകനും കുത്തേറ്റിരുന്നു. ധീരജിനെ കുത്തിയശേഷം പ്രതികള്‍ ഓടിക്കളയുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് ധീരജ് മരിച്ചിരുന്നു. ധീരജിനൊപ്പം ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ ഷോള്‍ഡറിന് സാരമായ പരിക്കേറ്റിരുന്നു.