നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലേക്കോ? പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്ന് കോടതി; വിസ്താരം പൂര്‍ത്തിയായ കേസില്‍ വിധി നവംബറില്‍

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി നവംബറില്‍ വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. 2017ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2020 ജനുവരി 30ന് ആയിരുന്നു വിചാരണ ആരംഭിച്ചത്. 2017 ഫെബ്രുവരി 2ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

കൊച്ചിയില്‍ വച്ച് കേസിലെ പ്രതിയായ പള്‍സര്‍ സുനിയും സംഘവും ചേര്‍ന്ന് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നടിയുടെ വാഹനത്തില്‍ നിന്ന് ഇവരെ ഭീഷണിപ്പെടുത്തി പുറത്തിറക്കിയ ശേഷം മറ്റൊരു വാഹനത്തില്‍ വച്ച് പീഡനത്തിനിരയാക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നുമാണ് കേസ്.

കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ നടന്‍ ദിലീപിന്റെ പേര് ഉയര്‍ന്നുവന്നിരുന്നെങ്കിലും ഇയാളെ പൊലീസ് പ്രതി ചേര്‍ത്തിരുന്നില്ല. തുടര്‍ന്ന് ഡബ്ല്യുസിസി ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഇടപെടലും മാധ്യമ ഇടപെടലിനെയും തുടര്‍ന്നാണ് പൊലീസ് കേസില്‍ ദിലീപിനെ പ്രതി ചേര്‍ത്തത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

2017 ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി. തുടര്‍ന്ന് കോടതി ഇയാളെ റിമാന്റ് ചെയ്യുകയായിരുന്നു. 86 ദിവസം ആലുവ സബ് ജയിലില്‍ വിചാരണ തടവ് നേരിട്ട ശേഷമാണ് ഇയാള്‍ക്ക് ജാമ്യം ലഭിക്കുന്നത്. കേസില്‍ ആകെ 261 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. കേസില്‍ നാലര വര്‍ഷം സാക്ഷി വിസ്താരം നീണ്ടുനിന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ വിസ്താരമാണ് ഒടുവില്‍ പൂര്‍ത്തിയാക്കിയത്. കേസില്‍ ഇതുവരെ 1,600 രേഖകള്‍ കേസില്‍ കൈമാറി. നൂറു ദിവസത്തോളം നീണ്ടു നിന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ വിസ്താരവും കഴിഞ്ഞതോടെയാണ് വാദം പൂര്‍ത്തിയായത്.

അടുത്തതായി കേസില്‍ കോടതിയുടെ മുന്നിലുള്ളത് പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നതാണ്. ഇതിനായി ഈ മാസം 26 മുതല്‍ കോടതി പ്രതികള്‍ക്ക് അവസരം നല്‍കും. ക്രിമിനല്‍ നടപടിച്ചട്ടം 313 പ്രകാരം പ്രതിഭാഗത്തിന് പറയാനുള്ളതു കൂടി കേട്ട ശേഷം നവംബറില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിധി പറയുമെന്നാണ് ലഭിക്കുന്ന വിവരം.