കോൺഗ്രസ് മടുത്തെന്ന് താൻ പറഞ്ഞതായി പി സി ചാക്കോ പറഞ്ഞത് തെറ്റാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ . പാർട്ടിക്കകത്തെ പോരായ്‌മകൾ സാധാരണയായി സംസാരിക്കാറുണ്ട്. കോൺഗ്രസ് മടുത്തെന്ന് താൻ പി സി ചാക്കോയോട് പറഞ്ഞിട്ടില്ല. ഈ അടുത്ത ദിവസങ്ങളിലൊന്നും പി സി ചാക്കോയോട് സംസാരിച്ചിട്ടില്ലെന്നും കെ സുധാകരൻ എം.പി വ്യക്തമാക്കി.
പി സി ചാക്കോ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് ഏത് സാഹചര്യത്തിലാണ് എന്നറിയില്ല. കോൺഗ്രസ് പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കും. പി സി ചാക്കോയെ പോലുള്ള ആളുകൾ ഇല്ലാത്ത കാര്യം പറയരുത്. ചാക്കോ എൻസിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ലെന്നും സുധാകരൻ പറഞ്ഞു.
കോൺഗ്രസിനകത്ത് സുധാകരൻ അടക്കമുള്ള നേതാക്കൾ അസംതൃപ്തരാണെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പിസി ചാക്കോ പറഞ്ഞത്. കോൺഗ്രസിൽ നിന്ന് എൻ.സി.പിയിൽ എത്തിയതിന് പിന്നാലെയാണ് നേതൃത്വത്തിനെതിരെ ചാക്കോ രംഗത്തെത്തിയത്. നേതൃത്വത്തോട് അതൃപ്തിയുള്ള കൂടുതൽ കോൺഗ്രസ് നേതാക്കൾ വരുംദിവസങ്ങളിൽ എൻസിപിയിലേക്ക് എത്തുമെന്നും പി സി ചാക്കോ പറഞ്ഞു.
പാർട്ടിയിൽ തുടരണോ എന്ന കാര്യം ആലോചിക്കുന്നതായി കെ സുധാകരൻ തന്നോട് പറഞ്ഞെന്ന് പി സി ചാക്കോ പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിലെ ഗ്രൂപ്പ് വീതംവെയ്പ്പിൽ കെ സുധാകരൻ കടുത്ത അസ്വസ്ഥതയിലാണ്. തന്റെ രാജി പലർക്കും കോൺഗ്രസ് വിടാൻ പ്രേരണയാകുമെന്നും പി.സി ചാക്കോ കൂട്ടിചേർത്തു.