മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദ്ദേശം നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും മുന്‍ എംഎല്‍എയുമായ ശബരിനാഥോ? ‘കേരള ഒഫീഷ്യല്‍ ഗ്രൂപ്പ്’ എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് ലോഗോ ഡിസ്പ്ലേ പിക്ച്ചറായിട്ടുള്ള ഗ്രൂപ്പിലെ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇത്തരമൊരു സംശയത്തിന് വഴിതുറന്നിരിക്കുന്നത്.
മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ വരുന്നുണ്ട് എന്ന വിവരമാണ് ശബരീനാഥന്‍ എംഎല്‍എ എന്ന പേരില്‍ സേവ് ചെയ്ത നമ്പറില്‍ നിന്നും സന്ദേശമയച്ചിരിക്കുന്നത്. ‘രണ്ടു പേര് ഫ്ളൈറ്റില്‍ കയറി കരിങ്കൊടി കാണിച്ചാല്‍…’ എന്ന് അപൂര്‍ണ്ണമായ നിര്‍ദ്ദേശവും ഇതിനൊപ്പമുണ്ട്. എന്തായാലും ഫ്ളൈറ്റില്‍ നിന്ന് പുറത്ത് ഇറക്കാന്‍ കഴിയില്ലല്ലോ എന്നും ഈ നമ്പറില്‍ നിന്നുള്ള മെസേജിലുണ്ട്.
ഇതിന് മറുപടിയായി പി പി അഭിലാഷ് ഐവൈസി എന്ന് വാട്സ്ആപ്പില്‍ പേരുള്ള നമ്പറില്‍ നിന്നും ഫ്ളൈറ്റില്‍ ടിക്കറ്റ് കിട്ടുമോ എന്ന് ഗ്രൂപ്പില്‍ ആരായുന്നുണ്ട്. ഇത് പ്രാവര്‍ത്തികമാക്കിയാല്‍ അടിപൊളി സമരമായിരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ പറയുന്നു.
ആബിദ് അലി എന്നൊരാള്‍ ഫ്ളൈറ്റ് ടിക്കറ്റ് സ്പോണ്‍സര്‍ ചെയ്യ് എന്ന് ശബരിനാഥനോട് ആവശ്യപ്പെടുന്നുണ്ട്. ഇതിന് മറുപടിയായി ദുല്‍ഖിഫില്‍ ഒരു വോയ്സ് മെസേജ് അയച്ചതും സ്‌ക്രീന്‍ ഷോട്ടില്‍ നിന്നും വ്യക്തമാണ്.
ജൂണ്‍ 12ന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, ആര്‍ കെ നവീന്‍ എന്നിവരായിരുന്നു വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയത്.