നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോദ്യം ചെയ്ത് ദിലീപ്; 254 രേഖകളും സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ടു

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോദ്യം ചെയ്ത് ദിലീപ്. ആദ്യകുറ്റപത്രത്തിന് ഘടകവിരുദ്ധമാണ് അനുബന്ധകുറ്റപത്രം. ആദ്യ കുറ്റപത്രത്തിലെ കാര്യങ്ങള്‍ പൂര്‍ണമായും മറച്ചുവെച്ചു. ഈ കുറ്റപത്രത്തിലെ പകര്‍പ്പോ രേഖകളോ നല്‍കിയിട്ടില്ല. ഈ കുറ്റപത്രം നിലനില്‍ക്കില്ലന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കി. 254 രേഖകള്‍ വേണെന്നും സിസിടിവി ദൃശ്യങ്ങള്‍ വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

തനിക്കെതിരായ കേസില്‍ സുപ്രധാന രേഖകള്‍ പോലീസ് ഇതുവരെ നല്‍കിയിട്ടില്ലെന്നു നടന്‍ ദിലീപ് വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ചാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ രണ്ടു ഹര്‍ജികള്‍ നല്‍കിയത്. യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യമടങ്ങിയ വീഡിയോ പകര്‍പ്പും നൂറില്‍പ്പരം തെളിവുരേഖകളുടെ പകര്‍പ്പുമാണു പോലീസ് കൈമാറേണ്ടത്.

ദൃശ്യമടങ്ങിയ മൊബൈല്‍ ചിപ്പ് ഉണ്ടെന്ന പോലീസിന്റെ വാദം തെറ്റാണെന്ന നിഗമനത്തിലാണു ദിലീപ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാക്കേസ് ഇന്നു അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നുണ്ട്. കുറ്റപത്രത്തില്‍ പറയുന്ന രേഖകളെല്ലാം കിട്ടി ബോധ്യപ്പെട്ടുവെന്നു പ്രതികളെല്ലാവരും അറിയിച്ചാലേ കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലേക്കു കമിറ്റ് ചെയ്ാനാവയൂ. ദിലീപ് ഹര്‍ജി നല്‍കുന്നതോടെ ഈ കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കു ഇന്നു കൈമാറാനിടയില്ല. റിമാന്‍ഡിലുള്ള പ്രതികളില്‍ ചിലര്‍ക്കു ജാമ്യം കിട്ടാനുണ്ട്. ഇവരെ വിചാരണത്തടവുകാരായി നിലനിര്‍ത്താനാണ് പോലീസിന്റെ നീക്കം.