ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ അഭിമുഖം; നികേഷ് കുമാറിനെതിരെ കേസെടുത്ത് പൊലീസ്

നടിയെ ആക്രമിച്ച കേസിലെ നിയമ നടപടികള്‍ ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി നികേഷ് കുമാറിനെതിരെ കേസ്. തന്നെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് പൊലീസ് നികേഷിനെതിരെ കേസെടുത്തിരിക്കുന്നത്.

ഐ.പി.സി സെക്ഷന്‍ 228 എ (3) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിചാരണ കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചു എന്നതാണ് നികേഷിനെതിരെ ഉന്നയിക്കുന്ന വിഷയം.

സംവിധായകന്‍ ബാലചന്ദ്രകുമാറുമായി നികേഷ് ഡിസംബര്‍ 27ന് ഇന്റര്‍വ്യൂ നടത്തുകയും അത് യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചുവെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍ നിലവില്‍ ബാലചന്ദ്രകുമാര്‍ കേസിലെ പ്രതിയോ സാക്ഷിയോ അല്ല. വിചാരണ കോടതിയുമായി ബാലചന്ദ്രകുമാറിന് യാതൊരു തരത്തിലുള്ള ബന്ധവുമില്ല.

അതേസമയം, ദിലീപും മറ്റ് പ്രതികളും ഉപയോഗിച്ച ആറ് ഫോണുകളും കോടതിക്ക് മുന്‍പാകെ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുന്‍പ് ഹൈക്കോടതി രജിസ്റ്റാര്‍ക്ക് മുന്‍പില്‍ കൈമാറണമെന്നാണ് കോടതി പറഞ്ഞത്. ഇത് അനുസരിച്ചില്ലെങ്കില്‍ ദിലീപിന് അറസ്റ്റില്‍ നിന്നു നല്‍കിയ സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.