നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ ദിലീപ് വീണ്ടും ഹർജി സമർപ്പിച്ചു. അന്വേഷണ റിപ്പോർട്ടിലെ മൊഴി പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്നാണ് ഹർജിയിലെ ആവശ്യം. മൊഴികളുടെ പകർപ്പ് നൽകാൻ നിയമപരമായി കഴിയില്ലെന്നും ദിലീപ് ഹർജിയിൽ പറയുന്നു. ദിലീപിന്റെ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും
തീർപ്പാക്കിയ ഒരു ഹർജിയിലാണ് മൊഴി പകർപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടതെന്നും അങ്ങനെ ഉത്തരവിടാൻ കഴിയില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് ഹർജി നല്‍കിയത്. മൊഴിപ്പകര്‍പ്പ് നല്‍കുന്നത് നിയമ വിരുദ്ധമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജിയിൽ കോടതിയുടെ നിർണായക തീരുമാനം. മെമ്മറികാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
എറണാകുളം സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം നൽകിയത്. സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അതിജീവിതയുടെ ആവശ്യം നിലനില്‍ക്കുമെന്നും നിരീക്ഷിച്ചു. അതിജീവിതയുടെ ആവശ്യം നിരസിക്കാന്‍ കാരണങ്ങളില്ലെന്ന് ജസ്റ്റിസ് കെ ബാബു വ്യക്തമാക്കുകയും ചെയ്തിരുന്നു.