നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ദിലീപിൻറെ അഭിഭാഷകൻ അഡ്വ. ബി.രാമൻ പിള്ള. എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യ0 റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിന്മേൽ വിചാരണ കോടതിയിൽ വാദം തുടരുകയാണ്. പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകൾ പഴയതാണെന്നും ദിലീപിന്റെ വീട്ടുജോലിക്കാരൻ ദാസനെ സ്വാധീനിച്ചെന്ന ആരോപണം കളവാണന്നും അഭിഭാഷകൻ വാദിച്ചു.
കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി. അതേസമയം, നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻ ഡ്രൈവിൽ ശാസ്ത്രീയ പരിശോധനവേണമെന്ന് വിചാരണക്കോടതി വ്യക്തമാക്കി. സംഭാഷണങ്ങൾ പെൻ ഡ്രൈവിലേക്ക് മാറ്റിയ തീയതികൾ പ്രധാനമാണ്. സംഭാഷണം റെക്കോർഡ് ചെയ്ത ഉപകരണം എവിടെയെന്നും കോടതി ചോദിച്ചു.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിൻറെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളാണ് വിചാരണ കോടതിയിൽ നേരത്തെ പ്രോസിക്യൂഷൻ ഉന്നയിച്ചത്. ഇതിനായി ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.
Read more
ദിലീപിന്റെ സഹോദരൻ അനൂപിൻറെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത ലഭിക്കുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കേസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകാനുള്ള സമയപരിധി നീട്ടണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം ഹൈക്കോടതി വിധി പറയാനായി മാറ്റി വെച്ചിരിക്കുന്നതിനിടെയാണ് വിചാരണ കോടതിയിലെ നടപടികൾ.