ചോദ്യം ചെയ്യലിന് ദിലീപ് ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍; നിര്‍ണായക തെളിവുണ്ടാക്കാന്‍ ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് നടന്‍ ദിലീപ് ആലുവ പൊലീസ് ക്ലബ്ബിലെത്തി. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി ശ്രീജിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

നടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. കേസിലെ ഇരുപതോളം സാക്ഷികളെ കൂറുമാറ്റിയെന്ന നിര്‍ണായകമായ സംഭവത്തില്‍ ദിലീപിന്റെ പങ്ക് എന്താണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. നേരത്തെ ജിന്‍സന്‍ അടക്കമുള്ളവരും അഭിഭാഷകരും രംഗത്തെത്തിയിരുന്നു. ഗൂഢാലോചനയില്‍ പങ്കില്ലെന്ന് ദിലീപ് ആവര്‍ത്തിക്കുമ്പോഴും, ഫൊറന്‍സിക് പരിശോധനയില്‍ ദിലീപിന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കണ്ടെടുത്തിരുന്നു. സൈബര്‍ ഹാക്കറെ ഉപയോഗിച്ച് ചില സുപ്രധാന തെളിവുകള്‍ മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Read more

ഹാക്കറെ ചോദ്യം ചെയ്തതിലൂടെ കണ്ടെത്തിയ തെളിവുകളും വിവരങ്ങളും കൂടി വെച്ചാകും ക്രൈംബ്രാഞ്ച് ദിലീപിനോട് ചോദിച്ചറിയുക. ഇതിലൂടെ തുടരന്വേഷണത്തില്‍ ദിലീപിനെതിരെ മുഖ്യമായ തെളിവുകള്‍ ഉണ്ടാക്കാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്. ചോദ്യം ചെയ്യല്‍ ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.