സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തും ദിലീപും വേദി പങ്കിട്ടു. കൊച്ചിയില്‍ നടന്ന ഫിയോക് ജനറല്‍ ബോഡി യോഗത്തിന് മുന്നോടിയായി നടന്ന അനുമോദന യോഗത്തിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്തത്. ചിലച്ചിത്ര അക്കാദമി ചെയര്‍മാനായി തിരഞ്ഞഎടുക്കപ്പെട്ട രഞ്ജിത്തിനും, സംസ്ഥാന സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റ നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കുന്ന പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്.
നേരത്തെ ഐഎഫ്എഫ്‌കെ വേദിയില്‍ നടി ഭാവനയെത്തിയപ്പോള്‍ പെണ്‍പോരാട്ടത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച രഞ്ജിത്താണ് അതേ കേസിലെ പ്രതിയായ നടനോടൊപ്പം വേദി പങ്കിട്ടത്. ഫിയോകിന്റെ ആജീവനാന്ത ചെയര്‍മാനാണ് ദിലീപ എന്തിനും കെല്‍പ്പുള്ളയാളാണ് രഞ്ജിത്തെന്ന് ദിലീപ് പുകഴ്ത്തുകയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിന് ഏറ്റവും യോഗ്യനെന്നും ദിലീപ് പറഞ്ഞു. തിയേറ്റര്‍ ഉടമകളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. യോഗത്തിന് ശേഷം മധുപാലും രഞ്ജിത്തും വേദി വിട്ടു.
നേരത്തെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ആലുവ ജയിലില്‍ കഴിയുന്നതിനിടെ ദിലീപിനെ രഞ്ജിത്ത് സന്ദര്‍ശിച്ചത് വിവാദമായിരുന്നു. ഐഎഫ്എഫ്‌കെ വേദിയില്‍ ഭാവനയെത്തിയതിന് പിന്നാലെ പഴയ ഫോട്ടോകള്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇരയോടൊപ്പമെന്നായിരുന്നു രഞ്ജിത്തിന്റെ വാദം. അതിനിടെയാണ് കേസിലെ പ്രതിയോടൊപ്പം വീണ്ടും രഞ്ജിത്തിന്റെ വേദി പങ്കിടല്‍ നടക്കുന്നത്.