തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് ബാധിതനായി കിടപ്പുരോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത നടപടി പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഈ സാഹചര്യത്തില്‍ അനിശ്ചിതകാല സമരം തുടരാനാണ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും തീരുമാനം. സംഭവത്തിൽ ഡി എം ഒ യുടെ അന്വേഷണം തുടരും.
ജീവനക്കാരുടെ കുറവ് നികത്താതെ ചുമതല ഉണ്ടായിരുന്നവരെ ബലിയാടാക്കി എന്ന നിലപാടിലാണ് സമരക്കാർ. നടപടി പിൻവലിച്ചില്ലെങ്കിൽ നോൺ കോവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കാൻ ആണ് തീരുമാനം. കെജിഎംസിടിഎ നേതൃത്വത്തിൽ ഡോക്ടർമാർ ഇന്ന് റിലെ സത്യാഗ്രഹം തുടങ്ങും. നഴ്‌സുമാർ ഇന്ന് ജില്ലയിൽ കരിദിനം ആചരിക്കും. സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരക്കാരുമായി മന്ത്രി ചർച്ച നടത്തിയത്. സസ്പെൻഷൻ പിൻവലിക്കണം എന്ന സമരക്കാരുടെ ആവശ്യം മന്ത്രി അംഗീകരിച്ചില്ല. ഭരണാനുകൂല സംഘടനകൾക്കും എതിർപ്പ് ഉണ്ടെങ്കിലും പ്രത്യക്ഷ സമരത്തിൽ ഇറങ്ങില്ല.
Read more
കിടപ്പുരോഗിയെ പുഴുവരിച്ച സംഭവത്തിൽ മൂന്ന് പേരാണ് സസ്‌പെന്‍ഷനിലായത്. കോവിഡിന്റെ അടക്കം ചുമതലയുള്ള നോഡല്‍ ഓഫീസര്‍ ഡോ. അരുണ, ഹെഡ് നേഴ്‌സുമാരായ ലീന കുഞ്ചന്‍, രജനി കെവി എന്നിവര്‍ക്കെതിരെയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ആരോഗ്യ വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.