സ്വിഫ്റ്റ് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിയനുകളുമായി കെ.എസ്.ആര്‍.ടി.സി എം.ഡി. ഇന്ന് ചര്‍ച്ച നടത്തും. യോഗം നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും ജീവനക്കാർക്കെതിരെ എംഡിയുടെ പരാമർശത്തിനെതിരെ യൂണിയനുകൾ രംഗത്ത് വന്നതിന് ശേഷമുള്ള ചർച്ചക്ക് പ്രാധാന്യമേറെയാണ്. ജീവനക്കാരെ ആക്ഷേപിച്ച എംഡി അഭിപ്രായം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഉൾപ്പടെയുള്ള സംഘനടകൾ രംഗത്തുണ്ട്. എന്തു വില കൊടുത്തും സ്വിഫ്റ്റ് നടപ്പാക്കാനാണ് എം.ഡി.ബിജു പ്രഭാകറിന്റെ തീരുമാനം. പ്രതിപക്ഷ യൂണിയനുകള്‍ ഇപ്പോഴും കമ്പനി രൂപീകരണത്തിന് എതിരാണ്.
ശനിയാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ച ബിജു പ്രഭാകര്‍ ഇന്നലെ ശാന്തമായാണ് പ്രതികരിച്ചത്. ഐഎൻടിയുസി ഇന്ന് സംസ്ഥാന വ്യാപകമായി സമരം നടത്താൻ നിശ്ചിയിച്ചിരുന്നുവെങ്കിലും എംഡി ഇന്നലെ നടത്തിയ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിൽ മാറ്റിവെയ്ക്കുകയായിരുന്നു. കെഎസ്ആർടിസിയിലെ കാട്ടുകള്ളന്മാരെയാണ് ആക്ഷേപിച്ചതെന്നും മൊത്തം ജീവനക്കാരെ അല്ലെന്നും ബിജു പ്രഭാകർ വിശദീകരിച്ചെങ്കിലും അതൃപ്തി പുകയുന്നുണ്ട്. ഇതിനിടെ നൂറുകോടി കാണാനില്ലെന്ന എംഡിയുടെ വെളിപ്പെടുത്തൽ ശരിവെയ്ക്കുന്ന ധനകാര്യ പരിശോധന വിഭാഗത്തിൻ്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ചർച്ചകൾക്ക് മുമ്പ് തന്നെ യൂണിയനുകളുടെ എതിർപ്പ് തള്ളി സ്വിഫ്റ്റ് നവീകരണ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കെഎസ്ആർടിസി എംഡി വ്യക്തമാക്കിയിട്ടുണ്ട്.
അംഗീകൃത യൂണിയനില്‍ ടി.ഡി.എഫും ബി.എം.എസും കമ്പനിക്കെതിരെ നില്‍ക്കുമ്പോള്‍ ഇവരെ അനുനയിപ്പിക്കേണ്ടതുണ്ട്. കെ.എസ്.ആര്‍.ടി.സിയിലെ 100 കോടി ക്രമക്കേടില്‍ ശക്തമായ നടപടി വേണമെന്ന് എല്ലാ യൂണിയനുകളും ആവശ്യം ഉന്നയിച്ചു. ഇക്കാര്യങ്ങളടക്കം ചര്‍ച്ചയാകും.