'ആരോഗ്യമന്ത്രാലയവുമായുള്ള ചർച്ച ആശമാരുടെ പ്രശ്‌നം ചർച്ച ചെയ്യാനല്ല, ആശാ സമരം മാധ്യമങ്ങൾക്ക് മാത്രമാണ് വലിയ കാര്യം'; കെ വി തോമസ്

ആരോഗ്യമന്ത്രാലയവുമായി ചർച്ചക്ക് പോകുന്നത് ആശമാരുടെ പ്രശ്‌നം ചർച്ച ചെയ്യാനല്ലെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ്. ഡൽഹിയിൽ അത്തരത്തിൽ ഒരു ചർച്ചയുമില്ലെന്നും ആശാ സമരം മാധ്യമങ്ങൾക്ക് മാത്രമാണ് വലിയ കാര്യമെന്നും കെ വി തോമസ് കൂട്ടിച്ചേർത്തു.

എയിംസ് വേണമെന്ന ആവശ്യത്തിലാണ് കെന്ദ്രവുമായി കെവി തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ കെ വി തോമസിനൊപ്പം കേരള ഹൗസ് റസിഡൻറ് കമ്മീഷണറും പങ്കെടുക്കും. രാവിലെ പതിനൊന്നരയ്ക്കാണ് കൂടിക്കാഴ്ച. എയിംസ് കോഴിക്കോട് വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. എയിംസിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് വിളിപ്പിച്ചിരിക്കുന്നതെന്നും കെവി തോമസ് പറഞ്ഞു.

അതേസമയം കെ വി തോമസിൻ്റെ വാക്കുകൾ ഞെട്ടിച്ചെന്ന് സമരമിരിക്കുന്ന ആശമാർ പ്രതികരിച്ചു. ഈ പ്രശ്‌നം പരിഹരിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് തോമസ് അവിടെ ഇരിക്കുന്നതെന്ന് സമരസമിതി നേതാവ് എസ് മിനി പ്രതികരിച്ചു.

Read more