പുഴയിലൂടെ ഒഴുകിയെത്തുന്നത് അറ്റുപോയ ശരീരഭാഗങ്ങൾ! വയനാടൻ ഉരുൾപൊട്ടലിന്റെ തീവ്രത പേറി മലപ്പുറത്തെ ചാലിയാർ പുഴ

വയനാട്ടിലെ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒഴുകിയെത്തിയത് കിലോമീറ്ററുകൾ അകലെ മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയിൽ. പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ കണ്ടെത്തിയത് 20 മൃതദേഹങ്ങളാണ്. മൂന്ന് വയസുകാരന്റെ ഉൾപ്പെടെ കയ്യും കാലും തലയും ഉൾപ്പെടെ വിവിധ ശരീരഭാഗങ്ങളില്ലാത്ത മൃതദേഹങ്ങളാണ് പുഴയിലൂടെ ഒഴുകിയെത്തിയത്.

പോത്തുകൽ പഞ്ചായത്തിലാണ് മൃതദേഹങ്ങളേറെയും അടിഞ്ഞത്.ഇരുട്ടുകുത്തി, പോത്തുകല്ല്, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചുങ്കത്തറ കുന്നത്തു പൊട്ടി കടവിലും ഒരു മൃതദേഹം കിട്ടി. 15 വയസ് പ്രായം തോന്നുന്ന പെൺകുട്ടിയുടെ മൃതദേഹമാണ് അവസാനമായി കണ്ടെത്തിയത്. കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴ കഴിഞ്ഞ രണ്ട് ദിവസമായി നിറഞ്ഞ് ഒഴുകുകയായിരുന്നു. ഇതിനിടെയിലാണ് ഇന്ന് പുലർച്ചെ വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾ പൊട്ടലുണ്ടാകുന്നത്. രാവിലെ മുതൽ പുഴയിൽ വീടിന്‍റെ അവശിഷ്ടങ്ങളും ഗ്യാസ് സിലിണ്ടറും പാത്രങ്ങളുമെല്ലാം ഒഴുകിയെത്തിയതായി നാട്ടുകാർ പറഞ്ഞു.

വനത്തിനുള്ളിലെ കുമ്പിളപ്പാറ കോളനി ഭാഗങ്ങളിൽ അഞ്ച് മൃതദേഹങ്ങൾ കരയ്ക്ക് അടിഞ്ഞതായി ആദിവാസികൾ പറഞ്ഞു. എന്നാൽ അഗ്നിരക്ഷാ സേനയ്ക്ക് ആ ഭാഗത്തേക്ക് കടക്കാനായിട്ടില്ല. കണ്ടെത്തിയ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എട്ട് മൃതദേഹങ്ങൾ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പുഴയിൽ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് പുറമെ മുണ്ടേരി വനത്തിലും മൃതദേഹങ്ങളുണ്ടാകാമെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചാലിയാർ തീരത്ത് പരിശോധന നടത്തുന്നുണ്ട്.

ചാലിയാർ പുഴയിൽ കണ്ടെത്തിയത് വയനാട്ടിൽ നിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങൾ തന്നെയാണെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. മുണ്ടക്കൈയിലേക്ക് ആർക്കും കടക്കാനാകാത്ത സ്ഥിതിയാണ്. അംഗഭംഗം വന്ന നിലയിലാണ് മൃതദേഹങ്ങളിൽ പലതുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. കരുതുന്നതിലും ഭീകരമാണ് മുണ്ടക്കൈയിലെ സ്ഥിതിയെന്ന് സംഭവസ്ഥലത്തുള്ള ടി സിദ്ദിഖ് എംഎൽഎയും പ്രതികരിച്ചു.