പത്ത് മിനിറ്റ് കൊണ്ട് സര്‍ക്കാരിന് തീര്‍ക്കാവുന്ന ഒരു വിഷയം മനപൂര്‍വം വൈകിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതിലൂടെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് സര്‍ക്കാര്‍ അവസരം ഒരുക്കി കൊടുക്കുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.
മുനമ്പം ഭൂമി പ്രശ്നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ വയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് വിയോജിക്കുന്നു. മുസ്ലിം സംഘടനകളും ഫറൂഖ് കോളേജ് മാനേജ്മെന്റും പ്രശ്ന പരിഹാരത്തിന് എല്ലാ പിന്തുണയും നല്‍കിയ സാഹചര്യത്തില്‍ തീരുമാനം എടുക്കാനും അത് കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനും സര്‍ക്കാരിന് കഴിയുമായിരുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഏകപക്ഷീയമായ ഒരു തീരുമാനം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണ്. സമര രംഗത്തുള്ളവരുമായി ഗൗരവമായ ഒരു ചര്‍ച്ചയും സര്‍ക്കാര്‍ നടത്തിയില്ല. പ്രശ്നപരിഹാരം നീട്ടിക്കൊണ്ട് പോകാന്‍ സര്‍ക്കാര്‍ തന്നെ വഴിയൊരുക്കുന്നത് ശരിയായ രീതിയല്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.