യുപിയില്‍ 180 വര്‍ഷം പഴക്കമുള്ള മസ്ജിദ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി; നടപടി അനധികൃത നിര്‍മ്മാണമെന്ന് ആരോപിച്ച്

ഉത്തര്‍പ്രദേശില്‍ 180 വര്‍ഷം പഴക്കമുള്ള മസ്ജിദ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. ഫത്തേപൂര്‍ ലാലൗലിയിലെ നൂരി ജുമാ മസ്ജിദ് ആണ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്. അനധികൃത നിര്‍മാണം ആരോപിച്ചായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഫത്തേപൂര്‍ ജില്ലയിലെ ലാ ലൗലി നൂരി ജുമാമസ്ജിദിന്റെ പ്രധാന ഭാഗങ്ങളെല്ലാം പൊളിച്ചുനീക്കിയിട്ടുണ്ട്.

സംഭലില്‍ സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് അനധികൃത നിര്‍മ്മാണം ആരോപിച്ച് യുപി സര്‍ക്കാര്‍ ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കയ്യേറിയ ഭൂമിയിലാണ് മസ്ജിദ് എന്ന് ആരോപിച്ചാണ് നടപടി. ഫത്തേപൂരിലെ ബഹ്റൈച്ച് ബന്ദ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് പള്ളി പൊളിച്ചത്.

സംഭലില്‍ വലിയ സംഘര്‍ഷ സാധ്യത നിലനില്‍ക്കെ ജെസിബി ഉപയോഗിച്ച് വന്‍ പൊലീസ് സന്നാഹത്തോടെയാണ് ജില്ലാ ഭരണകൂടവും പിഡബ്ല്യുഡി അധികൃതരും പള്ളി പൊളിക്കാന്‍ എത്തിയത്. സംഭവത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. മുസ്ലിം ആരാധനാലയങ്ങള്‍ക്ക് മേല്‍ ബിജെപി സര്‍ക്കാര്‍ ആക്രമണം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Read more

എന്നാല്‍ അനധികൃത നിര്‍മാണം പരിശോധിക്കാനും നീക്കം ചെയ്യുന്നതിനും ആവശ്യമായ സമയം സര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.