ഓര്‍ത്തഡോക്സ്- യാക്കോബായ സംഘര്‍ഷം നിലനില്‍ക്കുന്ന ഓടക്കാലി സെന്റ് മേരീസ് പള്ളിയില്‍ ഫെബ്രുവരി മൂന്നിനകം സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് എറണാകുളം ജില്ലാ കോടതി. ആലുവ റൂറല്‍ എസ്പിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. വിധി നടപ്പിലാക്കാന്‍ ഒറ്റ അവസരം കൂടിയേ നല്‍കൂവെന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതി വിധി നടപ്പിലാക്കാനെത്തിയ പൊലീസ് ഇന്നലെ യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് എസ്.പിയെ ജില്ലാ കോടതി വിളിച്ചു വരുത്തിയത്.
പെരുമ്പാവൂര്‍ ഓടക്കാലി പള്ളി ഏറ്റെടുക്കാന്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. തുടർന്ന് യാക്കോബായ വിശ്വാസികള്‍ പള്ളിയുടെ പ്രധാന ഗേറ്റ് പൂട്ടി പ്രതിഷേധിക്കുകയായിരുന്നു. പൂട്ടിയ ഗേറ്റ് തകർത്താണ് പൊലീസ് പള്ളി അങ്കണത്തിൽ പ്രവേശിച്ചത്. ഇത് നേരിയ സംഘർഷത്തിനും കാരണമാക്കിയിരുന്നു.
പിന്നീട് പള്ളി അകത്ത് നിന്ന് പൂട്ടി പ്രാര്‍ത്ഥനയുമായി യാക്കോബായ സഭാവിശ്വാസികള്‍ പള്ളിക്കുള്ളില്‍ നിലയുറപ്പിച്ചു. സന്ധ്യയോടെ പൊലീസ് നടപടിയുണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പള്ളിക്ക് മുന്നിലേക്ക് എത്തുകയും പൊലീസ് വലയം ഭേദിച്ച് പള്ളി അങ്കണത്തില്‍ പ്രവേശിക്കുകയും ചെയ്തു. ഇതോടെ ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് പൊലീസ് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു